അനവധി ചരിത്രങ്ങളുടെ മൂകസാക്ഷിയായ ചെറുപുഴയുടെ കിഴക്കുഭാഗത്ത്, ശാന്തസുന്ദരമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പുള്ളനൂര്‍ ഗ്രാമം. പഴമയുടെ സൗന്ദര്യം മുറ്റിനില്‍ക്കുന്ന നാട്. കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മനോഹരമായ ദേശം.
തെക്ക് പുള്ളാവൂരും വടക്ക് വെണ്ണക്കോടും അതിരിട്ടുനില്‍ക്കുന്നു. കിഴക്ക് മലയമ്മയും പടിഞ്ഞാറ് ചെറുപുഴയും. ഈ നദികളുടെ തീരങ്ങളില്‍നിന്നാണ് ഈ നാടിന്റെ പ്രപിതാക്കള്‍ തങ്ങളുടെ ജീവിതത്തിന്റെ ഊടും പാവും നെയ്തിരുന്നത്.
ഇന്നത്തെ നഗരങ്ങളും നാഷ്ണല്‍ ഹൈവേകളും പോലെ പുഴകളായിരുന്നുവല്ലോ പഴയ കാലത്ത് സമൃദ്ധിയുടെയും ഗതാഗതത്തിന്റെയും വന്‍ കേന്ദ്രങ്ങള്‍. അവിടങ്ങളിലാണ് കമ്പോളങ്ങളും സംസ്‌കാരങ്ങളും തളിര്‍ത്തതും ചൂട് പിടിച്ചിരുന്നതും. ചെറുപുഴയുടെ കാര്യത്തിലും ഇതൊരു അപവാദമായില്ല. കേരളമുസ്‌ലിം ചരിത്രത്തില്‍ കോഴിക്കോട് ജില്ലയുടെ പങ്ക് നിര്‍ണയിക്കുമാര്‍ അതിന്റെ കിഴക്കു-പടിഞ്ഞാര്‍ തീരങ്ങളിലും വന്‍ കേളിയോടെ ചില പ്രദേശങ്ങള്‍ ഉയര്‍ന്നുവന്നു. കേരളമുസ്‌ലിം നവോത്ഥാനത്തില്‍ തങ്ങളുടെതായ ഇടം അടയാളപ്പെടുത്തുംവിധം അവ വളര്‍ന്നുവലുതാവുകയും നവോത്ഥാന നായകരന്മാരെയും സാംസ്‌കാരിക നേതൃത്വത്തെയും സമൂഹത്തിനു സംഭാവന നല്‍കുകയും ചെയ്തു. മുണ്ടോട്-നാരകശ്ശേരി ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന പുള്ളനൂരും അങ്ങനെയുള്ള പലതില്‍ ഒന്നായിരുന്നു.
കഥ പറയുന്ന പുഴക്കരകള്‍
ഈ നാടിനോളംതന്നെ പഴക്കവും ചരിത്രവുമുണ്ട് ഇവിടത്തെ കടവുകള്‍ക്കും. നൂറോളം വര്‍ഷത്തിന്റെ ചരിത്രം ഇന്നത്തെ പഴമക്കാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ തന്നെ കഴിയുന്നുണ്ട്. ഇക്കാലത്ത് നമ്മുടെ പുഴക്കരകള്‍ സജീവതയുടെ കേന്ദ്രങ്ങളായിരുന്നു. മതപരമായും സാംസ്‌കാരികമായും കായികമായും ഇവക്ക് പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. ഒരു കാലത്ത് ഈ പുഴക്കരയിലായിരുന്നു പണ്ഡിതന്മാരുടെ പാതിരാപ്രഭാഷണങ്ങള്‍ നടന്നിരുന്നത്. പ്രത്യേകിച്ചും, കല്ലുമ്പുറത്തിനും കരുവമ്പൊയിലിനുമിടയിലെ മൊയോട്ടക്കടവില്‍. വേനല്‍ക്കാലങ്ങളില്‍ പുഴയുടെ എതിര്‍വശത്ത് വലിയ കര രൂപപ്പെടാറുണ്ട്. നാട്ടിലെ എല്ലാവര്‍ക്കും ഒരുപോലെ സംഗമിക്കാന്‍ പറ്റിയ സൗകര്യപ്രദമായ സ്ഥലം അതായിരുന്നു അന്ന്. അതിനാല്‍, വയളുകളും സംവാദങ്ങളുമെല്ലാം പുഴക്കരകളില്‍ സംഘടിപ്പിക്കപ്പെട്ടു. ഉള്ളണം അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പുല്ലാര അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അന്നത്തെ പ്രഗല്‍ഭ പ്രഭാഷകരില്‍ ചിലരാണ്. കൂട്ടത്തില്‍ നാരകശ്ശേരി ഉസ്താദും ഇവിടെ വന്ന് പ്രസംഗിക്കാറുണ്ടായിരുന്നു. ഉച്ചഭാഷിണി സാര്‍വത്രികമാകാത്ത കാലമായിരുന്നതുകൊണ്ടുതന്നെ, തൊള്ളപ്രസംഗങ്ങളായിരുന്നു ഇവ.
പുഴ കടന്ന് അക്കരെ കരുവമ്പൊയിലും കൊടുവള്ളിയുമായിട്ടായിരുന്നു പണ്ടുമുതലേ ഇവിടത്തുകാരുടെ കൂടുതല്‍ ബന്ധവും. പാലങ്ങളില്ലാത്ത അക്കാലത്ത് കടത്തു തോണികളാണ് ഈ ബന്ധം നിലനിര്‍ത്തിയിരുന്നത്. തോണി തുഴഞ്ഞ് ജീവിക്കുന്ന കുടുംബങ്ങള്‍തന്നെ ഇവിടെയുണ്ടായിരുന്നു.
പുഴയോടു ചേര്‍ന്ന് ഉണ്ടായിരുന്ന ചായമക്കാനികള്‍ അന്ന് തലമുറകളുടെ ഓര്‍മമുറികളായിരുന്നു. ഗൗരവമേറിയ ചര്‍ച്ചകളും സംസാരങ്ങളുമാണ് അവിടെ നടന്നിരുന്നത്. കളികളും ടൂര്‍ണമെന്റുകളുമാണ് ഇവിടത്തെ ആസ്വാദ്യകരമായ മറ്റു അനുഭവങ്ങള്‍. പാലവും വികാസവുമെല്ലാം വന്നതോടെ, ഈ അടുത്ത കാലങ്ങളിലാണ് ഇതെല്ലാം അപ്രത്യക്ഷമായി തുടങ്ങിയത്.
കൃഷിയായിരുന്നു പ്രധാനമായും നാടിന്റെ ഉപജീവന മാര്‍ഗം. കച്ചവടവും ചെറിയ നിലയില്‍ ഉണ്ടായിരുന്നു. പച്ചക്കറി സാധനങ്ങള്‍ കടയില്‍ പോയി വാങ്ങുന്ന രീതി അന്നുണ്ടായിരുന്നില്ല. എല്ലാം വീട്ടില്‍തന്നെ നട്ടുണ്ടാക്കാറായിരുന്നു പതിവ്. അടുത്തുതന്നെ പുഴയും വയലുകളുമുണ്ടായിരുന്നതിനാല്‍ അവയെ കേന്ദ്രീകരിച്ചാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. ഭൂരിഭാഗം ആളുകളും സാധാരണ കര്‍ഷകരായിരുന്നു. നാടിന്റെ സമൃദ്ധിയും പഴയ കാല ശോഭയും അവരാണ് നിലനിര്‍ത്തിയിരുന്നത്. നിറഞ്ഞു നില്‍ക്കുന്ന പാടങ്ങളും, നിരന്നുനില്‍ക്കുന്ന കൃഷി ഭൂമികളും നാടിനെ സ്വയം പര്യപ്തമാക്കി. ഞണ്ടാടിയിലെയും മലയമ്മ മുതല്‍ കുറുങ്ങാട്ടുകടവ് വരെ നീണ്ടുകിടക്കുന്ന പാടശേഖരങ്ങളിലെയും കൃഷികളായിരുന്നു പ്രധാനം. കൂടാതെ, പുഴക്കരയിലും സാധാരണ ഭൂമികളിലും വിവിധ തരത്തിലുള്ള കൃഷികള്‍ നടത്തിയിരുന്നു. നെല്ല്, ചാമ, എള്ള്, ചേമ്പ്, കിഴങ്ങ്, പൂള, ചേന, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, മധുരക്കിഴങ്ങ്, തെങ്ങ്, കമുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് പ്രധാനമായും ഉണ്ടായിരുന്നത്.
രാഷ്ട്രീയവും നാഗരിക പുരോഗതിയും
കേരളത്തിന്റെ പൊതു ചരിത്രംപോലെത്തന്നെ, 1950 കളോടെയാണ് ഇവിടെ രാഷ്ട്രീയ വേര്‍തിരിവുകള്‍ ശക്തമാകുന്നത്. കേരളത്തില്‍ പഞ്ചായത്ത് സംവിധാനം നിലവില്‍വന്നപ്പോള്‍തന്നെ ചാത്തമംഗലം പഞ്ചായത്തും രൂപപ്പെട്ടു. 1962 ലാണ് കേരളത്തില്‍ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രായോഗികമാകുന്നത്. പല ഭാഗങ്ങളിലും ഇതിന്റെ വ്യവസ്ഥാപിതമായൊരു രൂപം കൈവന്നിരുന്നില്ല. പക്ഷെ, അതേവര്‍ഷം തന്നെ ചാത്തമംഗലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. വാശിയേറിയ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനാണ് ഭരണം ലഭിച്ചത്. അഞ്ചു വര്‍ഷം അവര്‍ ഭരിച്ചു. പുനത്തിന്‍പുറത്ത് അഹ്മദ് ഹാജിയായിരുന്നു അന്ന് ഈ ഭാഗത്തെ പ്രിതിനിധാനം ചെയ്യുന്ന പഞ്ചായത്ത് മെമ്പര്‍. അദ്ദേഹത്തിന്റെ കാലത്ത് നാട്ടില്‍ പല പുരോഗതികളുമുണ്ടായി. പ്രധാനമായും, മലയമ്മ മുതല്‍ കൊടക്കാട്ടു കടവ് വരെയുള്ള റോഡ് നിര്‍മിക്കപ്പെടുന്നത് ഇക്കാലത്താണ്. പുഴ കേന്ദ്രീകൃത ജീവിതത്തില്‍നിന്നും റോഡ് കേന്ദ്രീകൃത ജീവിതത്തിലേക്കുള്ള പുള്ളനൂരിന്റെ ചുവടുമാറ്റത്തിനുള്ള തുടക്കമായിരുന്നു ഇത്. ഇതോടെ, കരവഴി പുള്ളനരിലേക്കുള്ള ആള്‍പെരുമാറ്റങ്ങളും ചരക്കുകൈമാറ്റങ്ങളും വര്‍ദ്ധിച്ചു.
പിന്നീടാണ് നാരകശ്ശേരി-മുണ്ടോട് റോഡ് വരുന്നത്. നാരകശ്ശേരി ഉസ്താദിന്റെയും ഇയ്യക്കണ്ടി മുഹമ്മദിന്റെയും ശക്തമായ ശ്രമഫലമായിട്ടായിരുന്നു ഇത്. കുവ്വക്കണ്ടി മൊയ്തീന്‍ കോയ ഹാജി പഞ്ചായത്ത് മെമ്പറായതോടെ ഈ ഭാഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ വന്നു. പുള്ളനൂര്‍ സ്‌കൂള്‍ മുതല്‍ കുഴിമണ്ണില്‍ പള്ളിവരെയും ശേഷം അവിടെനിന്നും കല്ലുമ്പുറം പുഴക്കടവ് വരെയും റോഡ് വരുന്നത് ഇക്കാലത്തണ്. 1970 കളോടെയാണ് ഈ നാട്ടിലേക്ക് വൈദ്യുതി കടന്നുരുന്നത്. ഇയ്യക്കണ്ടി മുഹമ്മദിനെപ്പോലെയുള്ളവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. മലയമ്മ മുതല്‍ കുഴിമണ്ണില്‍വരെയും ശേഷം അവിടെനിന്നും കല്ലുമ്പുറം പുഴവരെയും രണ്ടു ഘട്ടങ്ങളായിട്ടായിരുന്നു ഇത്.





.jpg)
.jpg)


.jpg)
