Sunday, 23 February 2014

അന്‍സാറുല്‍ ഹുദാ സംഘവും കുഴിമണ്ണില്‍ മഹല്ല് റിലീഫ് കമ്മിറ്റിയും

കുഴിമണ്ണില്‍ മഹല്ലിന്റെ മത സാമൂഹിക റിലീഫ് പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ 1965 കളില്‍ സ്ഥാപിതമായ കൂട്ടായ്മയാണ് അന്‍സാറുല്‍ ഹുദാ സംഘം. പ്രത്യേകം കമ്മിറ്റികളോടെ നടന്നുവന്നിരുന്ന മദ്‌റസയും പള്ളിയും പിന്നീട് ഇതിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മദ്‌റസയും പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാട്ടിലെ മറ്റു മത-കാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിക്കപ്പെടുകയായിരുന്നു ഇതിലൂടെ. ഇതോടെ മഹല്ലത്തിലെ മത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവവും വ്യവസ്ഥാപിതവുമായി. 

മഹല്ലുമായി ബന്ധപ്പെട്ട പഴയ കാല സജീവ പ്രവര്‍ത്തകര്‍ സംഘമിച്ചാണ് ഇങ്ങനെയൊരു കൂട്ടായ്മക്കു രൂപം നല്‍കുന്നത്. പ്രമുഖരായ പഴയ കാല കാരണവന്മാരുടെ രക്ഷാധികാരത്തില്‍ കെ.എം. കുഞ്ഞു മുഹമ്മദ് ഹാജി, കുനിയില്‍ അബ്ദുല്ല, എ.പി. അബൂബക്ര്‍ കുട്ടി ഹാജി, ടി.ടി. മൊയ്തീന്‍ കോയ തുടങ്ങിയവരാണ് ഇതിന്റെ രൂപീകരണത്തിനു നേതൃത്വം നല്‍കുന്നത്. എ.പി. അബൂബക്ര്‍ കുട്ടി ഹാജി  പ്രസിഡന്റും കെ.എം. കുഞ്ഞു മുഹമ്മദ് ഹാജി സെക്രട്ടറിയുമായിട്ടായിരുന്നു ഇതിന്റെ പ്രഥമ കമ്മിറ്റി. ശേഷം, ഇ.പി.സി. മൊയ്തീന്‍ കോയ സെക്രട്ടറിയായി വന്നു. നാടിന്റെ നാനോന്മുഖമായ പുരോഗതിയും അഭിവൃദ്ധിയും ഉന്നംവെച്ചുകൊണ്ടുള്ള കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍ ഇവയാണ്:

1. മഹല്ലിലെ ദീനീ സംരംഭങ്ങള്‍ സംരക്ഷിക്കുക.
2. റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മഹല്ലിലെ അബലരും പാവപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സഹായിക്കുക.
3. നാട്ടില്‍ തലപൊക്കുന്ന നാനവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക.
4. ലഹരി പദാര്‍ത്ഥങ്ങളില്‍നിന്നും മറ്റും യുവാക്കളെ അകറ്റി നിര്‍ത്തി, മാര്‍ഗദര്‍ശനം നല്‍കി നല്ല വഴിയിലൂടെ വളര്‍ത്തിക്കൊണ്ടുവരിക.

നീണ്ട കാലയളവില്‍ മഹല്ലിനെ കേന്ദ്രീകരിച്ച് സജീവമായിത്തന്നെ പ്രവര്‍ത്തിക്കാന്‍ സംഘത്തിനു സാധിച്ചിട്ടുണ്ട്. നാടിന്റെ ഇസ്‌ലാമിക അത്താണിയായി കാലങ്ങളോളം ഇത് നിലകൊണ്ടു. പാവപ്പെട്ടവര്‍ക്കുള്ള കല്യാണ സഹായങ്ങള്‍, വസ്ത്ര വിതരണം, ഭക്ഷണ വിതരണം, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങി അനവധി മേഖലകളില്‍ ഇത് സുതുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയുണ്ടായി. 

പ്രഘോഷണങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ, വളരെ രഹസ്യമായാണ് സംഖം പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ, പ്രത്യക്ഷത്തില്‍ സംഘം അത്ര പ്രശസ്തമല്ലെങ്കിലും ഉള്ളിലൂടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയുണ്ടായി. 45 വര്‍ഷത്തെ സംഭവബഹുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2010 ല്‍ സംഘം പിരിച്ചുവിട്ടു. 

താമസിയാതെ, അതേ ലക്ഷ്യവും സ്വഭാവവും നിലനിര്‍ത്തി, അതേ വര്‍ഷംതന്നെ പുതിയ പേരില്‍ പുതുക്കിപ്പണിയുകയുണ്ടായി കുഴിമണ്ണില്‍ മഹല്ല് റിലീഫ് കമ്മിറ്റി എന്ന പേരിലാണ് ഇന്ന് ഇത് അറിയപ്പെടുന്നത്. എ.പി. മുഹമ്മദ് കോയ ഹുദവിയും എന്‍. അബ്ദുസ്സലാം  മാസ്റ്ററുമാണ് യഥാക്രമം അതിന്റെ പ്രസിഡന്റും സെക്രട്ടറിയും. മഹല്ലത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി അതിരഹസ്യ സ്വഭാവത്തോടെ സംഘം ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 

No comments:

Post a Comment