മത പഠനത്തിന്റെ പ്രാഥമിക കേന്ദ്രങ്ങളാണ് മദ്‌റസകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ ഇത് നടക്കുന്നുണ്ടെങ്കിലും കേരളീയ മുസ്‌ലിം പരിസരത്തില്‍ മദ്‌റസകള്‍ സജീവതയുടെ പാഠശാലകളാണ്. കേരളമുസ്‌ലിം നവോത്ഥാനത്തിനു മൂലശില പാകിയത് മദ്‌റസാ വിപ്ലവമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയും. 1950 കള്‍ക്കു ശേഷം മദ്‌റസകള്‍ സ്‌ഫോടനാത്മകമായി വളരുകയും കേരള മുസ്‌ലിംകളുടെ മുകച്ഛായതന്നെ മാറ്റി മറിക്കുകയും ചെയ്തു. ഇന്നിത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മൂവ്‌മെന്റാണ്.
1963 ല്‍ ഔദ്യോഗികമായി ഈ മൂവ്‌മെന്റിന്റെ ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച മദ്‌റസയാണ് പുള്ളനൂര്‍ ശംസുല്‍ ഹുദാ മദ്‌റസ. അന്ന് 1014 ാം നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ശേഷം നേട്ടങ്ങളുടെ പതിറ്റാണ്ടുകള്‍ കഴിഞ്ഞുകടന്നിരിക്കുന്നു. 1949-50 കാലങ്ങളില്‍ പിറവിയെടുത്ത മദ്‌റസ ഇപ്പോള്‍ 65 ാം വര്‍ഷത്തിലേക്കു കടക്കുകയാണ്. ഇല്ലായ്മയില്‍നിന്നും തുടങ്ങി, പ്രയാസങ്ങളുടെയും പരിദേവനങ്ങളുടെയും വിവിധ ഘട്ടങ്ങള്‍ കടന്ന് സുഭിക്ഷതയുടെ വര്‍ത്തമാനത്തിലെത്തുമ്പോള്‍ അതിനു അനുഭവ പാഠങ്ങളുടെ ഒരു പിടി കഥകള്‍ പറയാനുണ്ട്. പഴയ തലമുറയുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പില്‍നിന്നും ശ്വാംശീകരിച്ചെടുത്ത അനുഭവ പാഠങ്ങള്‍. പക്വതയുടെ അറുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ പാഠങ്ങള്‍ പങ്കുവെക്കുന്നതു നല്ലതായിരിക്കും. പുതിയ തലമുറകള്‍ പാഠമുള്‍കൊള്ളാനും ഇന്നലെകളുടെ പിന്‍ബലത്തില്‍ ഭാസുരമായൊരു ഭാവി കെട്ടിപ്പടുക്കാനും ഇത് ഉപകരിക്കും.
ഇത് ഓര്‍മകളുടെ പാഠപുസ്തകമാണ്. ഒരു ദേശത്തിന്റെ ഇന്നലെകളിലെ മികവുറ്റ ഓര്‍മകളുടെ ഒപ്പിയെടുക്കല്‍. മറ്റൊരു നിലക്കു പറഞ്ഞാല്‍, പുള്ളനൂരിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ചരിത്രം. തെളിവുകളുടെ അകമ്പടിയോടെയുള്ള സമഗ്രമായൊരു ചരിത്ര രചനയല്ല. പ്രത്യുത, ഓര്‍മകളുടെ തീരത്തുനിന്നും ഒരു നാട് പിന്നിട്ട പാതകളെ അരിച്ചെടുക്കാനുള്ള എളിയ ശ്രമമാണ്. പള്ളിയും മദ്‌റസയും കേന്ദ്രമായുള്ള ഒരു ദേശത്തിന്റെ ഇസ്‌ലാമിക വ്യവഹാരങ്ങളുടെ കഥ പറച്ചില്‍.
പുള്ളനൂരിന്റെ ഇന്നലെകളുടെ ഇടനാഴികളില്‍ 'ശംസുല്‍ ഹുദ' (വഴിവെളിച്ചം) തീര്‍ത്ത വെളിച്ചത്തിന്റെ കഥ പറയുകയാണ് 'വഴിവെളിച്ചം'. അതിലൂടെ ഒരു നാടിന് പുനര്‍ജന്മം ലഭിക്കുന്നു; മരണപ്പെട്ടുപോയവരുടെ ഓര്‍മകളിലൂടെ.
No comments:
Post a Comment