Sunday, 23 February 2014

നാരകശ്ശേരി ഉസ്താദ്: ഈ നാടിന്റെ നവോത്ഥാന പുലരി


കേരളത്തിലെ പഴയ കാല പണ്ഡിതരില്‍ പ്രമുഖനായിരുന്നു മലയമ്മ അബൂബക്ര്‍ മുസ്‌ലിയാര്‍. ഒരു കാലത്ത് കേരളം മുഴുക്കെ മുഴങ്ങിക്കേട്ട നാമം. പ്രത്യേകിച്ചും കോഴിക്കോട് ജില്ലയുടെ മത വൈജ്ഞാനിക പുരോയാനത്തില്‍ തുല്യതയില്ലാത്ത സംഭാവനകള്‍ അര്‍പിച്ച മഹാന്‍. അദ്ധ്യയനം, അധ്യാപനം, ആദര്‍ശ സംരക്ഷണം, മത പ്രസരണം എന്നിവയായിരുന്നു ആ ജീവിതത്തിന്റെ സുപ്രധാനമായ പ്രവര്‍ത്തന മേഖലകള്‍. നല്ലത് മാത്രം ചിന്തിച്ചും നന്മ മാത്രം സംസാരിച്ചും അല്ലാഹുവിനു വേണ്ടി ജീവിച്ചു അവര്‍. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടായിരുന്നു അവരുടെ ഓരോ ചലനങ്ങളും.

പുള്ളനൂര്‍ നാരകശ്ശേരിയാണ് ഉസ്താദിന്റെ ജനനം എന്നത് നമുക്ക് ഏറെ അഭിമാനം നല്‍കുന്ന ഒരു വസ്തുതയാണ്. നമ്മുടെ നാട്ടിലെ എല്ലാ മത വൈജ്ഞാനിക വികാസത്തിനു പിന്നിലും പ്രവര്‍ത്തിച്ചിരുന്നത് ഉസ്താദായിരുന്നു. ഉസ്താദിന്റെ അധ്വാനങ്ങളുടെയും ഓര്‍മകളുടെയും നിഴലിലാണ് നമ്മുടെ നാട് ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നത്. 

അന്താനത്ത് മരക്കാര്‍ ഹാജിയുടെയും മുണ്ടോട്ട് ആമിനയുടെയും മകനായി 1904 ലാണ് ഉസ്താദിന്റെ ജനനം. ഇബ്‌റാഹീം മുസ്‌ലിയാര്‍, കുഞ്ഞോക്കു മുസ്‌ലിയാര്‍, ഫാത്വിമ, ആയിശ എന്നിവര്‍ സഹോദരങ്ങളാണ്. ചോനങ്കണ്ടി ഖദീജ, മൂഴിക്കല്‍ കുഞ്ഞിപ്പാത്തുമ്മ എന്നിവര്‍ ഭാര്യമാരും. അയഞ്ചേറ്റില്‍ ഓത്തുപള്ളിയില്‍നിന്നും പ്രഥമിക പഠനം കഴിഞ്ഞ ഉസ്താദ് വാഴക്കാട് ദാറുല്‍ ഉലൂമില്‍നിന്നാണ് തന്റെ ഉപരിപഠനം നടത്തുന്നത്. ആയഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇക്കാലത്തെ ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാര്‍. പഠനത്തിനു ശേഷം വാഴക്കാട് ദര്‍സ്, മടവൂര്‍ ദര്‍സ്, കൊടുവള്ളി എളവഞ്ചാലില്‍ ദര്‍സ്, കാന്തപുരം ദര്‍സ്, കൊടുവള്ളി സിറാജുല്‍ ഹുദാ, കുന്ദമംഗലം ദര്‍സ്, പുല്ലൂക്കര ദര്‍സ്, പടന്ന ദര്‍സ്, മുണ്ടോട്ട് ദര്‍സ്, നാരകശ്ശേരി വീട്ടില്‍ എന്നിവിടങ്ങളില്‍ ഉസ്താദ് ദര്‍സ് നടത്തി. ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, പൂനൂര്‍ കുഞ്ഞി ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍, സി.എം.മടവൂര്‍, നെടിയനാട് സി. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ അഹ്മദ് കോയ മുസ്‌ലിയാര്‍, പെരുമുഖം എം.കെ.എം. കോയ മുസ്‌ലിയാര്‍, കരുവമ്പൊയില്‍ എ.കെ. മുഹമ്മദ് മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി. ഇബ്‌റാഹീം   മുസ്‌ലിയാര്‍, വാവാട്  കുഞ്ഞിക്കോയ മുസ്‌ലിയാര്‍, തേഞ്ഞിപ്പലം കെ.ടി. മുഹമ്മദ് മുസ്‌ലിയാര്‍, മലയമ്മ എ.പി. കോയാമു മൗലവി തുടങ്ങിയവര്‍ ഉസ്താദിന്റെ പ്രധാന ശിഷ്യന്മാരില്‍ ചിലരാണ്. 1973 ജൂലൈ 26 (ജമാദുല്‍ ആഖിര്‍ 25) ന് വഫാത്തായ ഉസ്താദ് മുണ്ടോട്ട് ജുമാ മസ്ജിദിനു മുമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 

കേരളം കണ്ട പ്രഗല്‍ഭമതികളായ പണ്ഡിത മഹത്തുക്കളുടെ ശിഷ്യത്വം വരിക്കാനും പില്‍കാലത്ത് കേരള മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കിയ അനവധി ജ്ഞാന പടുക്കള്‍ക്ക് വൈജ്ഞാനിക മാര്‍ഗ ദര്‍ശനം നല്‍കാനും കഴിഞ്ഞുവെന്നതാണ്  മലയമ്മ ഉസ്താദിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ണിയത്തും ഫള്ഫരിയുമടക്കമുള്ള ഉസ്താദുമാരും ശംസുല്‍ ഉലമയും സി.എം. വലിയ്യുല്ലാഹിയും പോലെയുള്ള ശിഷ്യന്മാരും ആ ജീവിതത്തിനു മാറ്റു കൂട്ടിയ ഘടകങ്ങളായിരുന്നു. അറിവിന്റെ വിവിധ മേഖലകളില്‍ തഹ്ഖീഖും പാണ്ഡിത്യവുമുള്ള അനവധിയാളുകളെ വാര്‍ത്തെടുത്തു ഉസ്താദ് തന്റെ അധ്യാപന ജീവിതത്തിലൂടെ. ആ ക്ലാസുകളുടെ കണിശതയും സൂക്ഷ്മതയും അത്രമാത്രം പോരുന്നതായിരുന്നു. മഅ്ഖൂലാത്ത് വിഷയങ്ങളുടെ പര്യായമായിരുന്നു ഉസ്താദ്. ഒരു കാലത്ത് കക്ഷി ഭേദമന്യേ സര്‍വ്വരും തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനായി ഉസ്താദിന്റ മുമ്പില്‍ വന്നു. ആ ജ്ഞാന സാഗരത്തിന്റെ കനവും ഗാംഭീര്യവും അംഗീകരിക്കുകയും ബോധ്യപ്പെടുകയും ചെയ്യാത്തവര്‍ ആരുമുണ്ടായിരുന്നില്ല. 

ആദര്‍ശ വേദികളില്‍ ബിദഈകളുടെ പേടിസ്വപ്നമായിരുന്നു മലയമ്മ ഉസ്താദ്. അത്രമാത്രം ചിന്തോദ്ദീപകവും യുക്തിസഹവുമായിരുന്നു ഉസ്താദിന്റെ മറുപടികള്‍. കിത്താബുകളുടെ ആഴങ്ങള്‍ താണ്ടിയാണ് ഉസ്താദ് ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങിയിരുന്നത്. വലിയ വലിയ പ്രഗല്‍ഭരായ ആളുകള്‍ ജീവിച്ചിരുന്ന കാലത്തുതന്നെ സമസ്ത മുശാവറയിലേക്കു കടന്നുവരികയും ശേഷം അതിന്റെ വൈസ് പ്രസിഡന്റാവുകയും ചെയ്തതുതന്നെ ആ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും വിളിച്ചോതുന്നു. ബിദഈകള്‍ വേരു പിടിച്ചുകൊണ്ടിരുന്ന കാലത്ത് കോഴിക്കോട് ഭാഗങ്ങളില്‍ അവര്‍ നടത്തിയ സംവാദങ്ങളും ഖണ്ഡനങ്ങളും ചരിത്ര പ്രസിദ്ധമാണ്. അവരുടെ പല പ്രസംഗ പരമ്പരകള്‍ക്കും തിരശ്ശീല വീഴ്ത്തിയിരുന്നത് ഉസ്താദിന്റെ ഇടപെടലുകളായിരുന്നുവെന്നതാണ് വസ്തുത. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, സ്വപ്രയത്‌നത്തിലൂടെ മതവിദ്യാഭ്യാസ മേഖലകളില്‍ ചരിത്രം രചിച്ച ഉസ്താദ് വളര്‍ന്നുവരുന്ന തലമുറക്ക് ഒരു മാതൃകയാണ്. ജ്ഞാനാര്‍ജ്ജനവും ജ്ഞാന പ്രസരണവും തപസ്യയായി സ്വീകരിച്ച ഉസ്താദിന്റെ ജീവിത മുറകള്‍ വലിയ പഠനങ്ങള്‍ക്ക് വിധേയമാവേണ്ടിയിരിക്കുന്നു. 

No comments:

Post a Comment