Sunday, 23 February 2014

പാറന്നൂര്‍ ഉസ്താദ്: ജീവിതം നല്‍കിയ പാഠങ്ങള്‍






സൂഫിവര്യനായ സി.എം. വലിയ്യുല്ലാഹി അന്ത്യവിശ്രമംകൊള്ളുന്ന മടവൂരില്‍നിന്നും ഏറെ അകലെയല്ല ചരിത്രമുറങ്ങുന്ന പാറന്നൂര്‍ ഗ്രാമം. പല പ്രമുഖരുടെയും സമാഗമങ്ങള്‍കൊണ്ടും ജനനങ്ങള്‍കൊണ്ടും നേരത്തെത്തന്നെ സുപ്രസിദ്ധമായ മണ്ണ്. അവിടെയാണ് പാണ്ഡ്യത്യത്തെ വിനയംകൊണ്ട് അലങ്കരിച്ച പാറന്നൂര്‍ ഉസ്താദ് എന്ന സാത്വികന്‍ ജീവിച്ചിരുന്നത്. ജ്ഞാനികള്‍ വിശുദ്ധാത്മാക്കളുടെ സേവകരായിരിക്കുമെന്ന വസ്തുതയുടെ സാക്ഷീകരണമായിരുന്നു ആ മഹല്‍ ജീവിതം. ശാഫിഈ ഇമാമും നഫീസ്വത്തുല്‍ മിസ്‌രിയ്യ (റ) യും പോലെ, റാബിഅത്തുല്‍ അദവിയ്യയും ഹസനുല്‍ ബസ്വരി (റ)യും പോലെ- മടവൂര്‍ ശൈഖിന്റെ പരിചരണത്തിലാണ് ആ ഗുരുവര്യര്‍ തന്റെ അവസാനങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നത്. ആ ഒരു മേന്മയും മികവും ഉസ്താദിന്റെ ജീവിതത്തിലുടനീളം കാണാന്‍ കഴിയുമായിരുന്നു. ആത്മീയതയില്‍ ചാലിച്ച സൂക്ഷ്മതയും വിനയവുമായിരുന്നു ആ ജീവിതത്തിനു മാറ്റു കൂട്ടിയിരുന്നത്. തസ്വവ്വുഫും ആ ജീവിതത്തിലെ മാറ്റിവെക്കാനാവാത്ത ഒരു ഘടകമായിരുന്നു. 

കോഴിക്കോട് ജില്ലയിലെ സമസ്തയുടെ അവസാന വാക്കും പണ്ഡിത പാരമ്പര്യംകൊണ്ട് തുല്യതയില്ലാത്ത ഭാഗ്യം സിദ്ധിച്ച മഹാനുമായിരുന്നു പാറന്നൂര്‍ ഉസ്താദ്. ആര്‍ക്കും ഏറെ പരിചയമില്ലാത്ത ഒരു അനുഭവ ലോകം തന്നെ അവരുടെ ജീവിതത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഒന്നു രണ്ടു തവണ നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഇത് ബോധ്യമായിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ തന്നെ നവോത്ഥാന നായകരില്‍ പ്രമുഖരായ മലയമ്മ അബൂബക്ര്‍ മുസ്‌ലിയാരുമായി ബന്ധപ്പെട്ട ഒരന്വേഷണ യാത്രയിലായിരുന്നു ഉസ്താദിനെ സമീപ്പിച്ചിരുന്നത്. 
മലയമ്മ ഉസ്താദിന്റെ അരുമ ശിഷ്യന്‍

കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ പ്രസിഡന്റായ കാലം. സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്ന പ്രമുഖ പണ്ഡിതനായിരുന്നു മലയമ്മ അബൂബക്ര്‍ മുസ്‌ലിയാര്‍. അദ്ദേഹം തലശ്ശേരിക്കടുത്ത പുല്ലൂക്കര എന്ന സ്ഥലത്ത് ദര്‍സ് നടത്തിക്കൊണ്ടിരുന്ന കാലം. അന്ന് ആ ദര്‍സിലെ പ്രമുഖനായൊരു മുതഅല്ലിമായിരുന്നു പാറന്നൂര്‍ ഉസ്താദ്. ആ ഓര്‍മകള്‍ ഉസ്താദിന്റെ മനസ്സില്‍ എന്നും നിറഞ്ഞുനിന്നിരുന്നു.

മലയമ്മ ഉസ്താദിന്റെ ഗുരുത്വം ഒരു വലിയ കാര്യമായിട്ടാണ് പാറന്നൂര്‍ ഉസ്താദ് എന്നും കണ്ടിരുന്നത്. ആ മഹാനുഭാവനുമായുള്ള അടുപ്പം ഉസ്താദിനെ ആഴത്തില്‍ സ്വാധീനിക്കുകയും ആകെ മാറ്റി മറിക്കുകയും ചെയ്തു. വല്ലാത്തൊരു സ്‌നേഹ ബന്ധമായിരുന്നു അവര്‍ തമ്മില്‍. ദര്‍സിലെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ആ ബന്ധം അത്രമേല്‍ ശക്തമായിരുന്നു. ക്ലാസ് വിഷയങ്ങളിലും പഠനത്തിലും അവരുടെ മികവിനെ മലയമ്മ ഉസ്താദ് അംഗീകരിച്ചു. പലപ്പോഴും പ്രശംസിക്കുകയും ചെയ്തു. പില്‍ക്കാലത്തും ഉസ്താദിന്റെ പല തീരുമാനങ്ങളെയും ഫത്‌വകളെയും ഉസ്താദ് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 
മലയമ്മ-നാരകശ്ശേരി ഭാഗങ്ങളില്‍ ഉസ്താദ് വരുമ്പോഴൊക്കെ തന്റെ വന്ദ്യ ഗുരുവിനെക്കുറിച്ചു മാത്രമാണ് സംസാരിച്ചിരുന്നത്. ഈ ഭാഗങ്ങളിലുള്ള പുതിയ തലമുറ നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തിരിച്ച മലയമ്മ ഉസ്താദിനെ പരിചയപ്പെടുന്നതുതന്നെ പാറന്നൂര്‍ ഉസ്താദിന്റെ ഉത്തരം പ്രസംഗങ്ങളിലൂടെയാണ്. ആ പഴയ കാല ഓര്‍മകളും ചിന്തകളും അനുഭവങ്ങളും അവര്‍ ഇടക്കിടെ അയവിറക്കുമായിരുന്നു. 

ഗുരുവിനോടൊപ്പം ഖുഥുബിയുടെ സന്നിധാനത്തിലേക്ക്

പഠിക്കുന്ന കാലത്തുതന്നെ തന്റെ വന്ദ്യ ഗുരുവിനോടൊത്ത് പാറന്നൂര്‍ ഉസ്താദ് പല പ്രമുഖ പണ്ഡിതന്മാരുടെയും അടുക്കലേക്കു പോകുമായിരുന്നു. കണ്ണിയത്ത് ഉസ്താദും ഖുഥുബി മുഹമ്മദ് മുസ്‌ലിയാരും അതില്‍ പ്രധാനികളാണ്. മലയമ്മ ഉസ്താദിനോടൊപ്പം ഖുഥുബിയെ കാണാന്‍ പോയ ഒരനുഭവം ഒരിക്കല്‍ ഉസ്താദ് തന്നെ വിവരിക്കുകയുണ്ടായി: 
പാറന്നൂര്‍ ഉസ്താദ് പെരിങ്ങത്തൂര്‍ പുല്ലൂക്കര ദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. തന്റെ വന്ദ്യ ഗുരു മലയമ്മ ഉസ്താദിന് തുഹ്ഫയില്‍ ഒരു സംശയമുണ്ടായി. മരണം വരെ മുതഅല്ലിമീങ്ങളായിരുന്നുവല്ലോ പഴയകാല ഉസ്താദുമാര്‍. എപ്പോള്‍ എന്തു സംശയം വന്നാലും അത് തന്റെ ഉസ്താദിന്റെ അടുത്തുപോയി ചോദിക്കുന്നതില്‍ ആര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. അവര്‍ തുഹ്ഫ ഒരു തുണി സഞ്ചിയില്‍ കെട്ടി മലപ്പുറം എ.ആര്‍. നഗറിലെ ഖുഥുബിയുടെ വീട്ടിലേക്കു പുറപ്പെട്ടു. കൂടെ തന്റെ ശിഷ്യന്മാരിലൊരാളായ പാറന്നൂര്‍ ഉസ്താദിനെയും കൂട്ടി.
ഏകദേശം പതിനൊന്നു മണിക്കാണ് ഇരുവരും ഖുഥുബിയുടെ വീട്ടിലെത്തിയത്. അപ്പോള്‍ ഖുഥുബി ഉസ്താദ് അവിടെ ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. മുദരിസുമാരുടെ ഒരു നീണ്ട നിരതന്നെ ചുറ്റുമുണ്ട്. വിവിധ ദിക്കുകളില്‍നിന്നും സംശയങ്ങള്‍ തീര്‍ക്കാന്‍ വന്നവരായിരുന്നു അവര്‍. ഓരോരുത്തരും  വന്ന് കിത്താബുകള്‍ വായിക്കുന്നു. ഇശ്കാലുകള്‍ തീര്‍ക്കുന്നു. സമയം അങ്ങനെ മുന്നോട്ടു നീങ്ങുകയാണ്. 
മലയമ്മ ഉസ്താദ് വീട്ടിലേക്കു കയറി, ഖുഥുബിക്കുമുമ്പില്‍ വളരെ അകലത്തിലായി നിന്നു. കൂടെ പാറന്നൂര്‍ ഉസ്താദും. അന്നത്തെ ഉസ്താദുമാര്‍ അങ്ങനെയായിരുന്നു. തങ്ങളുടെ ഗുരുജനങ്ങളെ വല്ലാതെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഗുരുശിഷ്യബന്ധത്തിന് വലിയ വിലയും കല്‍പിച്ചിരുന്നു.
''അതാരാണ്?'' ഇതു കണ്ട ഖുഥുബി ചോദിച്ചു.
''ഞാന്‍ മലയമ്മ അബൂബക്‌റാ...'' ഉസ്താദിന്റെ മറുപടി.
''ആ...'' ഖുഥുബിയുടെ മുഖത്ത് പുഞ്ചിരി.
ഇനി മാറി നില്‍ക്കണം. വന്നവരുടെയെല്ലാം സംശയങ്ങള്‍ കഴിഞ്ഞ് തന്റെ ഊഴം വരണം. എന്നിട്ട് ഉസ്താദിന്റെ വിളിയാളവുമുണ്ടാവണം. എന്നിട്ടേ, ഉസ്താദിനടുത്തേക്കു പോവാന്‍ പാടുള്ളൂ. അതുവരെ, മറ്റുള്ളവര്‍ക്ക് മസ്അലകള്‍ പറഞ്ഞുകൊടുക്കുന്നത് കേട്ടുപഠിക്കുകയാണ് വേണ്ടത്. അതായിരുന്നു അവിടത്തെ ശൈലി. 
മലയമ്മ ഉസ്താദ് എല്ലാം ശ്രവിച്ച് ഭവ്യതയോടെ കാത്തിരുന്നു. ദിവസം ഒന്നും രണ്ടും കഴിഞ്ഞു. മൂന്നാം ദിവസം പ്രഭാതം. ഖുഥുബി ളുഹാ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി.
''അബൂബക്‌റേ, വരൂ. നീ എന്തിനാണ് വന്നത്?'' അദ്ദേഹം ചോദിച്ചു.
''സ്വലാത്തുല്‍ ജുമുഅയില്‍ തിരിയാത്തതുണ്ട്.'' ഉസ്താദ്  തുഹ്ഫ കയ്യില്‍ പിടിച്ച് അടുത്തുചെന്നു. 
''ഞാന്‍ നിന്നോട് പണ്ടേ പറഞ്ഞതല്ലേ, പഠിക്കുന്ന കാലത്ത് നന്നായി പഠിക്കണം; അലഞ്ഞുതിരിഞ്ഞ് നടന്ന് സമയം കളയരുതെന്ന്.'' ഖുഥുബി തമാശയായി പറഞ്ഞു. ''ആവട്ടെ, പറയൂ; എന്താ നിന്റെ സംശയം?'' അദ്ദേഹം തിരക്കി.
''ഒരു അഥ്ഫ്-മഅ്ഥൂഫിന്റെ പ്രശ്‌നമാണ്.'' ഉസ്താദ് പറഞ്ഞു.
പിന്നെ, കുറേ നേരം പരസ്പര സംവാദമായിരുന്നു. ഇരുവരും തങ്ങളുടെ വാദഗതികള്‍ മുന്നില്‍ നിരത്തി വിശദീകരിച്ചു. മണിക്കൂറുകളോളം അത് തുടര്‍ന്നു. (ഖുഥുബി മുഹമ്മദ് മുസ്‌ലിയാരുടെ സമീപന രീതി അതായിരുന്നു. ആര്‍ക്കും തങ്ങളുടെ വാദഗതികള്‍ സവിശദം ഉസ്താദിനു മുമ്പില്‍ അവതരിപ്പിക്കാനും ന്യായങ്ങള്‍ നിരത്താനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.). അവസാനം ഖുഥുബി പറഞ്ഞു:
''അബൂബക്‌റേ, അപ്പോ, എനിക്കാണ് ഇവിടെ തിരിയാത്തത്. നീ പറഞ്ഞതാണ് ശരി.''
ഇതോടെ എല്ലാം കഴിഞ്ഞു. ഉസ്താദ് സംതൃപ്തിയോടെ  തിരികെ യാത്രയായി.
മലയമ്മ ഉസ്താദിനു ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു ഇത്.  കേരളത്തിലെ പ്രഗല്‍ഭനായൊരു പണ്ഡിതനില്‍നിന്നും ഉണ്ടായ വിലപ്പെട്ട അംഗീകാരം. 
ഇങ്ങനെ അനവധി സംഭവങ്ങള്‍ ആ ജീവിതത്തില്‍ ഉണ്ടായിരുന്നു. ആത്മീയ വിജ്ഞാനങ്ങളുടെ ഉത്തുംഗ സോപാനങ്ങളില്‍ വിരാജിച്ചിരുന്ന പലരും  ആ പാരാവാര സമാനമായ അറിവിനു മുമ്പില്‍ ശിരസ്സ് നമിച്ചിരുന്നു.

തന്റെ വന്ദ്യഗുരു ഖുഥുബിയുടെ അതേ രീതി തന്നെയായിരുന്നു കിത്താബോത്തിന്റെയും അധ്യാപനത്തിന്റെയും വിഷയത്തില്‍ നാരകശ്ശേരി ഉസ്താദും സ്വീകരിച്ചിരുന്നത്. ആ പൊരുത്തത്തോടൊപ്പം ആ അംഗീകാരവും ഈ മഹല്‍ ജീവിതത്തെ സമ്പന്നമാക്കി. ഇതിനെല്ലാം സാക്ഷിയായ പാറന്നൂര്‍ ഉസ്താദിന്റെ ജീവിതത്തിലും ഈയൊരു ഭവ്യതയും പാഠങ്ങളും തളിര്‍ത്തുനിന്നിരുന്നു. ആ അനുഭവങ്ങളാണ് ഉസ്താദിനെ ഉന്നതങ്ങളിലേക്ക് എത്തിച്ചിരുന്നത്.

കുട്ടിക്കാലത്തെ ഒരനുഭവം
ഉസ്താദിന്റെ പിതാവ് പുല്‍പറമ്പില്‍ അബൂബക്ര്‍ മുസ്‌ലിയാര്‍ പാറന്നൂര്‍ ഭാഗത്തെ പ്രഗല്‍ഭനായൊരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ യത്‌നങ്ങളാണ് ഇത്രമാത്രം ഉയര്‍ന്ന സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. 


ഉസ്താദിന്റെ ചെറുപ്പ കാലം. പാറന്നൂരിന് അടുത്ത പ്രദേശമായ പാലൊളിത്താഴം ഭാഗത്ത് വഹാബികള്‍ വേരുപിടിച്ചുവന്ന കാലമായിരുന്നു. അവരുടെ തുടരെത്തുടരെയുള്ള ആശയപ്രചകരണങ്ങള്‍ക്ക് വശംവദരായി സുന്നിസത്തില്‍നിന്നും പത്തൊമ്പതംഗസംഘം വഹാബിസത്തിലേക്കു പോയി. ഇത് നാട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചു. സുന്നികള്‍ ഉണരുകയും രംഗത്തിറങ്ങുകയും ചെയ്തു. പിതാവ് പുല്‍പറമ്പില്‍ അബൂബക്ര്‍ മുസ്‌ലിയാരും സജീവമായി രംഗത്തെത്തി. ഇതിന് ആര് മറുപടി പറയും? അവര്‍ ചിന്തിച്ചു. ഒടുവില്‍ അതിനായി കൊണ്ടുവന്നത് മലയമ്മ ഉസ്താദിനെയാണ്.

പാറന്നൂര്‍ ഉസ്താദിന്റെ മനസ്സില്‍ എന്നും കത്തിനിന്നിരുന്ന ഓര്‍മകളാണിത്. മലയമ്മ ഉസ്താദ് വന്നതും വഹാബിസത്തെ മുളയില്‍തന്നെ ക്ഷയിപ്പിച്ചുകളഞ്ഞതും ഒരു വലിയ സംഭവമായി അവര്‍ ഇടക്കിടെ അനുസ്മരിക്കുമായിരുന്നു. ഇത്തരം നേര്‍സാക്ഷ്യങ്ങളാണ് പാറന്നൂര്‍ ഉസ്താദ് എന്ന ഒരു പണ്ഡിതനെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. 

അനുഭവങ്ങള്‍, പാഠങ്ങള്‍

നാരകശ്ശേരി ഭാഗത്ത് മലയമ്മ ഉസ്താദിന്റെ അനുസ്മരണാര്‍ത്ഥം ഒരു വയള് പരിപാടി വെച്ചു. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടി. അതിന്റെ ഉല്‍ഘാടനത്തിനു സംഘാടകര്‍ പാറന്നൂര്‍ ഉസ്താദിനെത്തന്നെയാണ് തെരഞ്ഞെടുത്തത്. 

ഒടുവില്‍ സംഘാടകര്‍ അവരെ ക്ഷണിക്കാനായി ഉസ്താദിന്റെ വീട്ടില്‍ പോയി. ഏറെ എളിമയാര്‍ന്ന വീട്. അതിന്റെ കോലായില്‍ ഒരു വശത്തായി ഒരു കട്ടിലുണ്ട്. അതില്‍ ഉസ്താദ് ഇരിക്കുകയാണ്. അടുത്ത് സന്ദര്‍ശകരായി പലരുമുണ്ട്. കൂട്ടത്തില്‍ കിത്താബ് മറിച്ചുവെച്ചിരിക്കുന്ന ഒരു മുതഅല്ലിമും. 
അവിടെ അങ്ങനെയായിരുന്നു. അവസാന കാലത്ത് മടവൂരില്‍ ക്ലാസെടുക്കാന്‍ പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ കുട്ടികള്‍ ഉസ്താദിന്റെ വീട്ടില്‍ വന്നു കിത്താബ് ഓതാറുണ്ടായിരുന്നു. പരിഹാരങ്ങളുടെയും പഠനങ്ങളുടെയും ഒരു കേന്ദ്രമായിരുന്നു ആ വീട്. അവിടെനിന്നാണ് പലര്‍ക്കും കുടുംബപരവും മതപരവുമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ ലഭിച്ചിരുന്നത്. 
സംഘാടകരെ കണ്ടപ്പോള്‍ ഉസ്താദിന്റെ മുഖത്ത് ആവേശം. അവര്‍ ഓരോരുത്തരെയും അടുത്തുവിളിച്ചു. പരിചയപ്പെട്ടു. പഠനത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിച്ചു. ഒടുവില്‍, ഉസ്താദ് ചചോദിച്ചു: 
'നിങ്ങളെല്ലാം എസ്.കെ.എസ്.എസ്.എഫിന്റെ കുട്ടികളാണോ?'
എല്ലാവരും 'അതെ' എന്നു പ്രതികരിച്ചു.
'അതിന്റെ പ്രായ പരിധിയെത്രയാണ്?' ഉസ്താദിന്റെ അടുത്ത ചോദ്യം വന്നു.
പലരും പലതും പറഞ്ഞു. ഉസ്താദ് ശാന്തനായി അതെല്ലാം തിരുത്തി. വശ്യവും മനോഹരവുമായ ഭാഷയില്‍ അതിനെക്കുറിച്ച് കുറേ നേരം സംസാരിക്കുകയും യുവാക്കളും വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് അവരെ ബോധിപ്പിക്കുകയും ചെയ്തു. 
അതിനിടെ ഉസ്താദ് ചില ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു:
'നിങ്ങളെല്ലാം ഒരു മുസ്‌ലിമെന്ന നിലക്ക് നേടേണ്ട അടിസ്ഥാന അറിവുകളെല്ലാം നേടിയിട്ടുണ്ടോ? അതു കഴിഞ്ഞിട്ടുപോരേ ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങള്‍...!!'
ഉസ്താദിന്റെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നുപോയി. ഇതും മതപ്രവര്‍ത്തനം തന്നെയല്ലേ എന്നായിരുന്നു എല്ലാവരുടെയും മനസ്സില്‍... അപ്പോഴേക്കും ഉസ്താദിന്റെ മറുപടി വന്നു:
'ആദ്യം നാം ഓരോരുത്തരും വ്യക്തിപരമായി പൂര്‍ണ മുസ്‌ലിമാവണം. പേരില്‍ മാത്രമല്ല; എല്ലാ തലത്തിലും. ശേഷം, മറ്റുള്ളവരെയും അതിലേക്കു കൊണ്ടു വരണം. അതിനായി പ്രവര്‍ത്തിക്കണം. ഇന്ന് ഒന്നാമത്തേതിനു തീരെ പ്രാധാന്യം നല്‍കാതെ രണ്ടാമത്തേതിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു പ്രവാണത ധാരാളമായി കണ്ടുവരുന്നു. എന്റെ കുട്ടികള്‍ നിങ്ങള്‍ അങ്ങനെയാവരുത്....'
ഉസ്താദിന്റെ സംസാരം അര്‍ത്ഥ ഗര്‍ഭമായിരുന്നു. എല്ലാവരും ഭവ്യതയോടെ അത് കേട്ടിരുന്നു.  ശേഷം, ഉസ്താദ് പരീക്ഷണാര്‍ത്ഥം നിസ്‌കാരത്തിന്റെ ഫര്‍ളുകളും വുളൂവിന്റെ ശര്‍ഥുകളും മറ്റുമായി ന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ശേഷം പറഞ്ഞു: 'ഇതെല്ലാമാണ് നാം ആദ്യം പഠിക്കേണ്ടത്. അങ്ങനെ നാം സ്വയം നന്നാവണം. ശേഷമാണ് മറ്റുള്ളവരരെ നന്നാക്കാന്‍ പോവേണ്ടത്.'
വല്ലാത്തൊരു അനുഭവമായിരുന്നു ഇത്. വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരുടെ കണ്ണുതുറപ്പിച്ചു ഈ സംഭവം. 
അറബിയിലെന്ന പോലെ ഇംഗ്ലീഷിലും വലിയ കഴിവുണ്ടായിരുന്നു പാറന്നൂര്‍ ഉസ്താദിന്. തന്നെ തേടിവരുന്ന യുവാക്കളോടും വിദ്യാര്‍ത്ഥികളോടും മനോഹരമായി, ഗ്രാമര്‍ ഒപ്പിച്ച് ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. പൊതുബോധവും ജനറല്‍ നോളേജും അടുത്തിടപഴകിയാല്‍ ആ സംസാത്തില്‍നിന്നും ബോധ്യമാകും. പ്രി ഡിഗ്രി എങ്ങനെ പ്ലസ് ടു ആയി എന്നതായിരുന്നു ഒരിക്കല്‍ ഉസ്താദിനടുത്തു പോയപ്പോഴുണ്ടായിരുന്ന ചര്‍ച്ച. മാര്‍ക്‌സിസ്റ്റ് മന്ത്രി സഭയില്‍ അതിനെക്കുറിച്ചു നടന്ന ചര്‍ചകള്‍ ഉസ്താദ് സവിശദം പറഞ്ഞുതന്നു. 

അവസാന പാഠം

തന്റെ ഓരോ ഇടപെടലുകളിലും കൂടെയുള്ളവര്‍ക്ക് പാഠങ്ങള്‍ നല്‍കിയ മഹാനായിരുന്നു ഉസ്താദ്. മലയമ്മ ഉസ്താദിനെക്കുറിച്ച് ചോദിക്കുമ്പോഴെക്കെ അവരെല്ലാം മരിച്ചുപോയ വലിയ വലിയ പണ്ഡിതരായിരുന്നുവെന്നും അവരെക്കുറിച്ചൊന്നും ഇല്ലാത്തത് പറഞ്ഞുപോകരുതെന്നും സൂചിപ്പിച്ച് ഉസ്താദ് സൂക്ഷ്മത പാലിക്കുകയായിരുന്നു. തനിക്ക് ഉറപ്പുള്ളതല്ലാതെ യാതൊന്നും പറയാന്‍ തയാറായതുമില്ല. അത്രമാത്രം സൂക്ഷ്മതയായിരുന്നു ആ ജീവിതത്തില്‍. 

പെട്ടന്ന്, ഒരു ആമുഖമില്ലാതെ താന്‍ സമുന്നതനായി മനസ്സില്‍ കൊണ്ടുനടക്കുന്ന, തന്റെ വന്ദ്യ ഗുരുവിനെക്കുറിച്ച്, സംസാരം തുടങ്ങിയതിന് ഉസ്താദ് കോപിക്കുകവരെ ചെയ്തു. ഇതൊന്നും ഒറ്റയടിക്ക് അങ്ങനെ സംസാരിച്ചുപോകേണ്ട കാര്യമല്ലെന്നും അല്ലാഹുവിന്റെ അടുത്ത് സമുന്നത സ്ഥാനം വരിച്ച മഹാന്മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന് ബഹുമാന പൂര്‍ണമായ ഒരു മുന്നൊരുക്കവും ആമുഖവും വേണമെന്ന് ഉസ്താദ് ഗുണദോഷിച്ചു. പണ്ഡിതന്മാരെക്കുറിച്ച് എഴുതുമ്പോഴും സംസാരിക്കുമ്പോഴും തികഞ്ഞ സൂക്ഷ്മത പാലിക്കണമെന്ന പാഠം ഗൗരവമായ ഭാഷയില്‍ പഠിപ്പിക്കുകയുമുണ്ടായി. 

പാറന്നൂര്‍ ഉസ്താദ് എന്ന ആ പാരമ്പര്യ പണ്ഡിതന്റെ അറിവിന്റെയും അനുഭവങ്ങളുടെയും ആഴം ശരിക്കും മനസ്സിലായത് ആ സംഗമത്തിലായിരുന്നു.


No comments:

Post a Comment