Sunday, 23 February 2014

പുള്ളനൂര്‍: സൂഫികളുടെ പാദം പതിഞ്ഞ മണ്ണ്‌

കേരളം കണ്ട പ്രമുഖരായ സൂഫികളുടെ പാദപതനങ്ങള്‍ക്കും അനുഗ്രഹാശിസ്സുകള്‍ക്കും ഭാഗ്യം ലഭിച്ച നാടാണ് പുള്ളനൂര്‍. കാലാന്തരങ്ങളിലായി ആദ്ധ്യാത്മിക ലോകത്ത് വിരാജിച്ചിരുന്ന അനവധിയാളുകള്‍ ഇതിലൂടെ കടന്നുപോയിട്ടുണ്ട്. പ്രമുഖരായ ഈ സൂഫീ ജ്ഞാനികളുടെ നിരന്തരമായ ബന്ധം നമ്മുടെ നാടിനെ ഏറെ മതപരമായി വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്തു. അവരുടെ തുടരെത്തുടരെയുള്ള ഇടപെടലുകളും നമ്മുടെ നാട്ടുകാര്‍ അവരുമായി സൂക്ഷിച്ചിരുന്ന സ്‌നേഹ ബന്ധവും നമ്മുടെ നാടിന്റെ മതകീയ മികവിനെ മെച്ചപ്പെടുത്തി. 

തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ വിസ്മയിപ്പിക്കുന്നതാണ് നമ്മുടെ നാടിന്റെ ഇന്നലെകള്‍. ഏതു പരിപാടികളിലും പണ്ഡിതന്മാരെ പങ്കെടുപ്പിക്കാനും നാടിന്റെ ആത്മീയ നേതൃത്വം പണ്ഡിതന്മാരുടെ കരങ്ങളില്‍ ഏല്‍പിക്കാനും ഇവിടത്തെ കാരണവന്മാരും പ്രവര്‍ത്തകരും എന്നും ശ്രദ്ധിച്ചിരുന്നു. മടവൂര്‍ സി.എം. വലിയ്യുല്ലാഹിയെ പോലെയുള്ളവര്‍ ഒരു കാലത്ത് നിരന്തരം വന്നുപോയിരുന്ന ഒരു നാടുകൂടിയായിരുന്നു ഇത്. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങി അനവധി ജ്ഞാനികള്‍ ഇവിടെ വന്നിരുന്നു. ഇന്നലെകളില്‍ നമ്മുടെ നാടിന്റെ മത വൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിദ്ധ്യളും നമ്മുടെ ആത്മീയ നായകരുമായിരുന്ന മഹത്തുക്കളെ അനുസ്മരിക്കാം:   

നാരകശ്ശേരി അബൂബക്ര്‍ മുസ്‌ലിയാര്‍
നമ്മുടെ നാട്ടുകാരനായി ജനിച്ച്, നാടിന്റെ പ്രശസ്തി കേരളം മുഴുക്കെ പരത്തിയ പ്രമുഖ പണ്ഡിതനും ജ്ഞാനിയുമാണ് നാരകശ്ശേരി അബൂബക്ര്‍ മുസ്‌ലിയാര്‍. നമ്മുടെ നാട്ടില്‍ പള്ളികളുണ്ടാക്കാന്‍ മാര്‍ഗദര്‍ശനം നല്‍കിയതും അതില്‍ നിസ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയതും ഉസ്താദായിരുന്നു. അക്കാലത്ത്, ഉസ്താദിനെ കേന്ദ്രീകരിച്ചാണ് ഈ നാട്ടുകാര്‍ ജീവിച്ചിരുന്നത്. സര്‍വ്വ മസ്അലകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉസ്താദിനോട് പരിഹാരം തേടി. ഉസ്താദാവട്ടെ, അഹങ്കാരമോ അഹംഭാവമോ ഇല്ലാതെ, സാധാരണക്കാരോടൊപ്പം ഇറങ്ങി നടക്കുന്ന വ്യക്തിയായിരുന്നു. ഇടക്കുറുങ്ങാട്ടും കല്ലുമ്പുറവും ആലിപ്പറമ്പത്തും ഞണ്ടായിലും ഉസ്താദ് നിരന്തരം വന്നു പോയി. ജനങ്ങളുമായി കൂടുതല്‍ ഇട പഴകി. അവര്‍ക്ക് ജീവത്തെക്കുറിച്ച നല്ല പാഠങ്ങള്‍ പകര്‍ന്നുകൊടുത്തു. ക്രമേണ നിസ്‌കാരത്തിലേക്കും സല്‍വൃത്തികളിലേക്കും ജനങ്ങളെ കൊണ്ടുവന്നു. ഉസ്താദിന്റെ ഉള്ളറിഞ്ഞുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്‍ പരിവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയിട്ടുള്ളത്. പഴയകാല തലമുറയിലെ ശേഷിച്ച ആളുകളുമായി സംസാരിച്ചാല്‍ ഉസ്താദ് നമ്മുടെ നാട്ടില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തില്‍, നമ്മുടെ നാടിന്റെ മത-വൈജ്ഞാനിക-ആത്മീയ മേഖലയിലെ ഉത്ഥാനത്തിനു നിമത്തമായ മഹാവ്യക്തിത്വമായിരുന്നു നാരകശ്ശേരി ഉസ്താദ്. 
അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ (1922-1995)
നമ്മുടെ നാടുമായി നിരന്തരം ബന്ധപ്പെടുകയും പല പരിപാടികള്‍ക്കായി പല തവണ ഇവിടെ വരികയും ചെയ്ത പണ്ഡിതനാണ് സൈനുല്‍ ഉലമ അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍. സമസ്ത വൈസ്പ്രസിഡന്റായിരുന്ന അദ്ദേഹം പള്ളിയുടെയോ മദ്‌റസയുടെയോ യോഗങ്ങളില്‍വരെ പങ്കെടുക്കാനായി എത്തിയതു കാണാം. ഉസ്താദിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നമ്മുടെ നാടിന്റെ ആത്മീയ നിലവാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ ഉപകരിച്ചിട്ടുണ്ട്. 

മടവൂര്‍ സി.എം. വലിയ്യുല്ലാഹി
പുള്ളനൂരിന്റെ ആത്മീയ ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ആത്മീയ നായകനാണ് സി.എം. വലിയ്യുല്ലാഹി (1929-1991) റഹിമഹുല്ലാഹ്. നാരകശ്ശേരി ഉസ്താദിന്റെ ശിഷ്യനായിരുന്നതുകൊണ്ടുതന്നെ, വളരെ കാലം മുമ്പുമുതല്‍തന്നെ, അവര്‍ക്ക് ഈ നാടുമായി വലിയ അടുപ്പവും ബന്ധവുമുണ്ടായിരുന്നു. ഉസ്താദിനെ കാണാനായി പലതവണ സി.എം. നാരകശ്ശേരി വന്നിട്ടുണ്ട്. ഈയൊരു ബന്ധം നമ്മുടെ നാടുമായി സി.എം. വലിയ്യുല്ലാഹിയെ വല്ലാതെ അടുപ്പിച്ചു. ഇവിടത്തെ പല വീടുകളിലും പല ചടങ്ങുകളിലും അദ്ദേഹം ക്ഷണിക്കപ്പെടുകയും വരികയും ചെയ്തിരുന്നു. തന്റെ സഞ്ചാര കാലത്തിലും ഈ സന്ദര്‍ശനത്തിനു കുറവുണ്ടായിരുന്നില്ല. ഗുരുവിനെ സന്ദര്‍ശിക്കാനായി വരുമ്പോഴാണ് ഈ ഭാഗങ്ങളിലെല്ലാം പലപ്പോഴും അദ്ദേഹം ചുറ്റിനടന്നിരുന്നത്. ഈയൊരു ആത്മീയ പ്രഭാവം നമ്മുടെ നാടിനെ മടവൂരുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. 
പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍
നാരകശ്ശേരിയുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും ശിഷ്യനുമായിരുന്നു സമസ്ത കേന്ദ്ര മുശാവറ മെമ്പറായിരുന്ന പുതിയോത്ത് പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍ (മ. 1997). നാരകശ്ശേരി ഉസ്താദിനു ശേഷം മുണ്ടോട്ട് ഖാസിയായി നിയമിക്കപ്പെട്ട അദ്ദേഹം പുള്ളനൂരിന്റെ മത വൈജ്ഞാനിക ആത്മീയ  പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട പല പരിപാടികളിലും അദ്ദേഹം ഇവിടെ വരികയും സാരസമ്പൂര്‍ണമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വീടിനു സ്ഥലം നിര്‍ണയിക്കുന്നതില്‍ വലിയ കഴിവുള്ള അദ്ദേഹം ഈ നാട്ടിലെ പല വീടുകള്‍ക്കും സ്ഥലം നിര്‍ണയിച്ചിട്ടുണ്ട്. ഈ നാടിന്റെ മത വൈജ്ഞാനിക ആത്മീയ രംഗങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായിരുന്നു പി.സി. ഉസ്താദ്. 

പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍
പുള്ളനൂരിന്റെ ആത്മീയ നിറവിലെ മറ്റൊരു സാന്നിദ്ധ്യമായിരുന്നു ഈയിടെ വഫാത്തായ പറന്നൂര്‍ ഉസ്താദ്. നാരകശ്ശേരി ഉസ്താദിന്റെ ശിഷ്യനായിരുന്ന അദ്ദേഹം വളരെ മുമ്പുമുതല്‍തന്നെ പുള്ളനൂരുമായി ബന്ധം തുടങ്ങിയിട്ടുണ്ട്. തന്റെ വന്ദ്യ ഗുരുവിന്റെ നാടായതുകൊണ്ടുതന്നെ, ക്ഷണിക്കപ്പെടുന്ന പരിപാടികളിലെല്ലാം ഉസ്താദ് വരാന്‍ ശ്രമിച്ചിരുന്നു. നാരകശ്ശേരിയോ പുള്ളനൂരോ പരിപാടികളില്‍ വരുമ്പോഴൊക്കെ വന്ദ്യ ഗുരു നാരകശ്ശേരി ഉസ്താദിനെക്കുറിച്ചാണ് ഉസ്താദ് സംസാരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നാരകശ്ശേരി ഉസ്താദിന്റെ സ്മരണാര്‍ത്ഥം ഞണ്ടാടിവെച്ച വയള് പരിപാടിയില്‍ ഉസ്താദ് സംബന്ധിച്ച് നടത്തിയ പ്രസംഗം പ്രസക്തമാണ്. പുതിയ തലമുറക്ക് നാരകശ്ശേരി ഉസ്താദിനെക്കുറിച്ച പാഠങ്ങള്‍ നല്‍കുന്നതായിരുന്നു അവരുടെ സംസാരങ്ങള്‍. വിനയത്തിന്റെ ആള്‍രൂപമായ ഉസ്താദ് പുള്ളനൂരിന്റെ ആത്മീയ തലത്തെ നല്ലപോലെ സ്വാധീനിച്ചിട്ടുണ്ട്. പാറന്നൂരായിരുന്നു കാലങ്ങളോളം നമ്മുടെ നാടിന്റെ സര്‍വ്വ പ്രശ്‌നങ്ങളുടെയും പരിഹാര കോടതി. 

എം.കെ. എം. കോയ മുസ്‌ലിയാര്‍ 
പ്രമുഖ വാഗ്മിയും പണ്ഡിതനും നാരകശ്ശേരി ഉസ്താദിന്റെ ശിഷ്യനുമായിരുന്ന എം.കെ.എം. കോയ മുസ്‌ലിയാരും ഈ നാടിന്റെ ആത്മീയ പുരോഗതിയില്‍ നല്ലപോലെ സ്വീധീനിച്ച പ്രമുഖ വ്യക്തികളിലൊരാളാണ്. മുണ്ടോട്ട് പള്ളിദര്‍സില്‍ പഠിച്ച അദ്ദേഹം വര്‍ഷങ്ങളോളം കരീറ്റിപ്പറമ്പിലാണ് ദര്‍സ് നടത്തിയിരുന്നത്. ഈ കാലങ്ങളിലെല്ലാം തന്റെ ഗുരുവിന്റെ നാടായ പുള്ളനൂരുമായി ഉസ്താദ് ബന്ധം നിനിര്‍ത്തിയിരുന്നു. പല തവണ ഇവിടെ വയളു പരിപാടികള്‍ക്കു വന്നിരുന്നു. ഞണ്ടാടിയിലും മറ്റും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പഴമക്കാര്‍ക്ക് മറക്കാന്‍ കഴിയാത്തതാണ്. 

അബൂബക്ര്‍ മുസ്‌ലിയാര്‍ (മുന്‍ മുദരിസ്)
ഒരനുഗ്രഹം പോലെ പുള്ളനൂരിനു ലഭിച്ച ഭാഗ്യ മുത്തായിരുന്നു കുഴിമണ്ണില്‍ പള്ളിദര്‍സില്‍ മുദരിസായി വന്ന പെരിന്തല്‍മണ്ണ അബൂബക്ര്‍ മുസ്‌ലിയാര്‍. ശംസുല്‍ ഉലമയുടെ ശിഷ്യനായിരുന്ന അദ്ദേഹം  നല്ലൊരു സൂഫിയും ദാകിറുമായിരുന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ, നമ്മുടെ നാട്ടില്‍ ഇസ്‌ലാമികമായൊരു ഉണര്‍വ് ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു. ദിക്‌റ് മജ്‌ലിസുകളും സ്വലാത്ത് മജ്‌ലിസുകളും സജീവമായി. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇന്നു കാണുന്ന പല സജീവ മതപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. 

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍
സൂഫിവര്യനും സമസ്തയുടെ പണ്ഡിതനുമായ വാവാട് ഉസ്താദാണ് ഇന്ന് നമ്മുടെ നാടിന്റെ ആത്മീയ നായകന്‍. ഈ മഹല്ലിന്റെ ഖാസി കൂടിയായ ഉസ്താദാണ് ഇന്ന് ഇവിടെ സര്‍വ്വ നന്മകള്‍ക്കും നേതൃത്വം വഹിക്കുന്നത്. റമളാനിലും മറ്റുമായി ഇടക്കിടെയുള്ള ഉസ്താദിന്റെ സന്ദര്‍ശനവും അര്‍ഥ ഗര്‍ഭമായ ഉപദേശങ്ങളും ഈ നാടിനെ ഉറക്കില്‍നിന്നും ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളാണ്. അല്ലാഹു ആ മഹാനുഭാവന് ആഫിയത്തോടുകൂടെയുള്ള ദീര്‍ഘായുസ്സ് പ്രധാനം ചെയ്യട്ടെ. ദീര്‍ഘകാലം നമുക്ക് ആ നേതൃത്വം നിലനിര്‍ത്തുമാറാകട്ടെ. ആമീന്‍.

No comments:

Post a Comment