Sunday, 23 February 2014

ശംസുല്‍ ഹുദാ സെക്കണ്ടറി മദ്‌റസ: നാടിന്റെ വൈജ്ഞാനിക തണല്‍

ആറര പതിറ്റാണ്ടുകളായി പുള്ളനൂരിന്റെയും പരിസര പ്രദേശങ്ങളുടെയും മത വിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച സമ്മാനിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ശംസുല്‍ ഹുദാ മദ്‌റസ. ഓത്തുപള്ളിയെന്ന ചെറിയൊരു ഘട്ടത്തില്‍നിന്നും തുടങ്ങി മത വിദ്യാഭ്യാസത്തിന്റെയും അനുബന്ധ പഠന-പരിശീലന സംരംഭങ്ങളുടെയും അല്‍ഭുതകരമായൊരു കേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് സ്ഥാപനം. നാല്‍പതിലേറെ ബേച്ചുകള്‍ ഇതിനകം ഇവിടെനിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമായി ആയിരക്കണക്കിന് ആളുകള്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 1963 ല്‍ സമസ്തയുടെ അംഗീകാരം ലഭിച്ചതിനു ശേഷം വളരെ വ്യവസ്ഥാപിതമായിത്തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു. നാരകശ്ശേരി, മുണ്ടോടിന്റെ ചില ഭാഗങ്ങള്‍, എലത്തൂര്‍, ചേരിക്കമ്മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ഇവിടെക്കാണ് കുട്ടികള്‍ പഠിക്കാനെത്തിയിരുന്നത്.
ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ആണിക്കല്ലും മൗലിക കേന്ദ്രവും ശംസുല്‍ ഹുദാ മദ്‌റസയാണെന്നതില്‍ രണ്ടഭിപ്രായമില്ല. നാട്ടില്‍ ഇന്നു കാണുന്ന വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ചത് മദ്‌റസയില്‍നിന്നായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യ കോട്ടയായി ഈ നാടിനെ മാറ്റിയതിലും മദ്‌റസക്കും വലിയ പങ്കുണ്ട്. സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും പ്രതാപം എടുത്തു കാണിക്കുന്ന നാടിന്റെ അഭിമാന സ്തംഭമായാണ് ഇന്ന് മദ്‌റസ നിലകൊള്ളുന്നത്. 
എന്നും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയില്‍ വളരെ മുമ്പിലായിരുന്നു മദ്‌റസ. 100 ല്‍ പരമായിരുന്നു എന്നും ഇവിടത്തെ അംഗ ബലം. ശരാശരി അമ്പത് ആണ്‍ കുട്ടികളും അത്രതന്നെ പെണ്‍കുട്ടികളും ഉണ്ടാവാറുണ്ട്. ഉദാഹരണത്തിനു പഴയ കാലത്തെ ചില ഉദാഹരണങ്ങള്‍ കാണുക:
1979 ല്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍ ആകെ 107 കുട്ടികളാണ് പഠിച്ചിരുന്നത്. 57 ആണ്‍ കുട്ടികളും 50 പെണ്‍ കുട്ടികളും. 1982 ല്‍ ഇത് 116 കുട്ടികളാകുന്നു. ഈ വര്‍ഷത്തിലാണ് ആദ്യമായി ആറാം ക്ലാസ് ആരംഭിക്കുന്നത്. അന്ന് അതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. 1983 ല്‍ ഏഴാം ക്ലാസും തുടങ്ങി. 127 കുട്ടികളാണ് അന്ന് മദ്‌റസയില്‍ ഉണ്ടായിരുന്നത്. 1985 ല്‍ 113 കുട്ടികളും 1988 ല്‍ 136 കുട്ടികളും മദ്‌റസയില്‍ പഠിക്കാനെത്തുന്നുണ്ട്. പിന്നീട് വര്‍ഷങ്ങളോളം ആറും ഏഴും ക്ലാസുകളില്‍ തന്നെയായിരുന്നു മദ്‌റസയുടെ നില്‍പ്പ്. 1990 കള്‍ക്കു ശേഷമാണ് എട്ടിനു ശേഷമുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. 
കാലങ്ങളായി പഠന രംഗത്ത് സ്തുത്യര്‍ഹമായ നിലവാരത്തിലാണ് മദ്‌റസ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യം സന്തോഷകരമായ ഒരു വസ്തുതയാണ്. 1980 കള്‍ മുതല്‍ തന്നെ റൈഞ്ചു തലത്തില്‍ പല ഉന്നത വിജയങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. 
വളരെ ശ്ലാഘനീയമായ വിധത്തിലാണ് കുട്ടികള്‍ക്കുള്ള സംസ്‌കാരണ-തര്‍ബിയ്യത്ത് സംരംഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കു ആവശ്യമായ ജീവിത ശീലങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം അവ അനുശീലിപ്പിക്കുകകൂടി ചെയ്യുന്നു. വൈകുന്നരത്തെ തസ്ബീഹ്, മഗ്‌രിബ്, ഇശാ ജമാഅത്ത് തുടങ്ങിയവ കുട്ടികള്‍ക്കുള്ള വലിയ ശിക്ഷണ-പഠന അനുഭവമാണ്. പെണ്‍ കുട്ടികള്‍ക്കും മദ്‌റസയില്‍വെച്ചു നിസ്‌കരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചില നേട്ടങ്ങള്‍
മദ്‌റസക്കു ഉണ്ടായ കഴിഞ്ഞ കാലത്തെ ചില നേട്ടങ്ങള്‍ ഇവയാണ്:
-കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആറു തവണ പൊതുപരീക്ഷയില്‍ മലയമ്മ റൈഞ്ചില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആറില്‍ മൂന്നു കൊല്ലം ഡിസ്റ്റിഗ്ഷന്‍ വാങ്ങി.
-23 വര്‍ഷവും 100 ശതമാനം വിജയം നേടി.
-അഞ്ചോ ആറോ ആയി മാത്രം കാലങ്ങളോളം നിലനിന്നിരുന്ന ക്ലാസ് സെക്കണ്ടറി തലത്തിക്കേു വികസിച്ചു.
-രണ്ടും രണ്ടരയുമുള്ള അദ്ധ്യാപകര്‍ നാലായി ഉയര്‍ന്നു. അതോടുകൂടെ, പള്ളിയില്‍ ദര്‍സും ആരംഭിച്ചു.
-പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനു പകരം മദ്‌റസക്കു പുതിയ, മനോഹരമായ ബില്‍ഡിംഗുകള്‍ വന്നു.
-മതമേഖലയില്‍ ബാഖവി, ഫൈസി, അഹ്‌സനി, ഹുദവി തുടങ്ങിയ ബിരുദ ധാരികളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു.
-ഭൗതിക മേഖലകളില്‍ ലക്ചര്‍മാര്‍, ഡോക്ടര്‍മാര്‍, അദ്ധ്യാപകര്‍, വിവിധ തസ്തികകളിലെ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. 
-ഉസ്താദുമാരുടെ സൗകര്യങ്ങളിലും ശമ്പളത്തിലും കാലോചിതമായ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ കഴിഞ്ഞു. 

മത വിജ്ഞാന സദസ്സുകളും വനിതാ ക്ലാസുകളും
കാലങ്ങളായി നാട്ടില്‍ മദ്‌റസയുമായും പള്ളിയുമായും ബന്ധപ്പെട്ടു നടന്നുവരുന്ന ശ്രദ്ധേയമായൊരു സംരംഭമാണിത്. നാട്ടിലെ പൊതു ജനങ്ങള്‍ക്കും വിശിഷ്യാ, സ്ത്രീകള്‍ക്കും മതം പഠിക്കാനും  ഇബാദത്തിന്റെ അനുഷ്ഠാന മുറകള്‍ പരിചയിക്കാനും ഇത് അവസരമൊരുക്കുന്നു. മദ്‌റസയില്‍ നിന്നും പഠിച്ചു പുറത്തിറങ്ങുന്ന സാധാരണ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അടിസ്ഥാനപരമായ മത കാര്യങ്ങളില്‍ പോലും കൂടുതലായ അറിവ് ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരം ക്ലാസുകള്‍ ഈ പോരായ്മ നികത്താന്‍ വളരെ സഹായകമാകുന്നു. പള്ളിയില്‍ ഖഥീബായി വന്ന ഉസ്താദുമാരാണ് പലപ്പോഴും ഇത്തരം ക്ലാസുകള്‍ എടുക്കാറുള്ളത്. ഇ.പി. അബ്ദുര്‍റഹ്മാന്‍ ബാഖവി മുമ്പ് നാട്ടില്‍ ഇത്തരം പല ക്ലാസുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. സ്ഥലം ഖഥീബ് കിഴിശ്ശേരി മുഹമ്മദ് ദാരിമിയാണ് ഇന്ന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. 

വിദ്യാഭ്യാസ കോചിംഗ് ക്ലാസുകള്‍
വര്‍ഷങ്ങളായി മദ്‌റസയെ കേന്ദ്രീകരിച്ച് നടന്നിരുന്ന വിജയം കണ്ട ഒരു സംരംഭമാണ് കോച്ചിംഗ് ക്ലാസുകള്‍. സ്‌കൂള്‍ വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്നിരുന്ന ട്യൂഷനുകളാണിത്. വിദ്യാഭ്യാസപരമായി വളരെ മുന്തിനില്‍ക്കുന്ന ഒരു നാടായിരുന്നതുകൊണ്ടുതന്നെ, കാലാകാലങ്ങളിലും നാട്ടില്‍ നിന്നുള്ള യോഗ്യരായ അധ്യാപകര്‍ സ്വയം മുന്നോട്ടുവന്ന് ഇത്തരം ക്ലാസുകള്‍ മദ്രസ കേന്ദ്രീകരിച്ചു നടന്നുപോന്നു. 1990 കള്‍ക്കു ശേഷമാണ് വളരെ വ്യവസ്ഥാപിതമായി തുടങ്ങിയത്. മദ്‌റസയുടെ പഴയകാല മിനുട്‌സുകള്‍ എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായും ബോധ്യമാവും. 28/09/1999 ല്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ മദ്‌റസ കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ ഇങ്ങനെ കാണാം: 'മദ്രസയില്‍വെച്ച് കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കുന്നതിനു എ.പി. മുജീബ്, കെ.കെ. അശ്‌റഫ്, വി.പി. ബശീര്‍ എന്നിവരുടെ ഉത്തരവാദിത്തത്തില്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.' മദ്‌റസയെ കേന്ദ്രീകരിച്ച് അന്ന് ഇവരുടെ നേതൃത്വത്തില്‍ പല കോച്ചിംഗ് ക്ലാസുകളും നടന്നിരുന്നു. പിന്നീടും ഇതിനു ശക്തമായ തുടര്‍ച്ചകളുണ്ടായി. നാട്ടില്‍ ശക്തമായൊരു വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. മുജീബ് മാസ്റ്റര്‍, അശ്‌റഫ് മാസ്റ്റര്‍, ബശീര്‍ മാസ്റ്റര്‍, ഫരീദ് മാസ്റ്റര്‍, റഫീഖ് പോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ശ്രദ്ധേയമാണ്. 

മൗലിദുകള്‍, നബിദിന പരിപാടികള്‍
നബിദിന പരിപാടികളും മൗലിദുകളുമായിരുന്നു മദ്‌റസയെ കേന്ദ്രീകരിച്ചു നടന്നിരുന്ന മറ്റു പരിപാടികള്‍. കാലങ്ങളിലെ പരിമിതികള്‍ക്കനുസരിച്ച് വളരെ വിപുലമായിത്തന്നെ ഇത്തരം പരിപാടികള്‍ നടത്തപ്പെട്ടിരുന്നു. റബീഉല്‍ അവ്വല്‍ മാസത്തില്‍ മദ്‌റസയില്‍നിന്നും നടത്തപ്പെടുന്ന മൗലിദുകള്‍ ശ്രദ്ധേയമാണ്. നാട്ടുകാര്‍ കേമമായി അതിനു സമ്മേളിക്കുകയും ശേഷം മധുരം കഴിച്ച് സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ കലാപരിപാടികളും ഘോഷയാത്രയുമാണ് മറ്റൊന്ന്. നാട്ടിലെ യുവാക്കളെല്ലാം മദ്‌റസയില്‍ ഒത്തുകൂടി വര്‍ണക്കടലാസുകള്‍കൊണ്ട് മദ്‌റസ അലങ്കരിക്കുന്നതും ഈന്തിന്റെ പട്ടകള്‍ നിരത്തി പകിട്ടുകൂട്ടുന്നതും കൊടിയുണ്ടാക്കുന്നതും അനുഭൂതി നല്‍കുന്ന ഓര്‍മകളാണ്. കാഹളം ചുമലില്‍വെച്ചുകൊണ്ട് സൈക്കിളില്‍ മറ്റു സാമഗ്രികള്‍ ഘടിപ്പിച്ചുകൊണ്ടുള്ള, പ്രാന്തപ്രദേശങ്ങളിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രയും ഹമാരേ തക്ബീര്‍... അല്ലാഹു അക്ബര്‍ വിളിയാളവും ബദ്‌റില്‍ കേട്ടൊരു മുദ്രാവാക്യം.... ഉഹ്ദില്‍ കേട്ടൊരു മുദ്രാവാക്യം... ലാഇലാഹ ഇല്ലല്ലാഹ് എന്ന ഏറ്റു പറച്ചിലുമെല്ലാം ഗൃഹാദുരത്തം നല്‍കുന്ന മധുര സ്മരണകളാണ്. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ദഫ് പരിപാടികളും പുതിയ അനുഭവങ്ങള്‍ നല്‍കുന്നതായിരുന്നു. 
ഇന്ന്, നബിദിന പരിപാടികളും സംഗമങ്ങളും ഏറെ വളര്‍ന്നു വികസിച്ചിട്ടുണ്ട്. നാടിന്റെയും നാട്ടുകാരുടെയും പൂര്‍ണ പങ്കാളിത്തമുള്ള, സഹകരണവും സ്‌നേഹവും മത മൈത്രിയും വിളങ്ങി നില്‍ക്കുന്ന ഒരു മഹാ സംഗമമായി അത് മാറിയിട്ടുണ്ട്. 


No comments:

Post a Comment