Sunday, 23 February 2014

കുഴിമണ്ണില്‍ മഹല്ല്: കര്‍മ നൈരന്തര്യത്തിന്റെ ഇന്നലെകള്‍

1940 കളുടെ അവസാനങ്ങളിലായിരിക്കണം കുഴിമണ്ണില്‍ പള്ളിയുടെ ഉദയം. മുണ്ടോട്ട്, തലപ്പെരുമണ്ണ, പുതിയോത്ത് തുടങ്ങിയ പള്ളികളാണ് അതിനുമുമ്പ് ഈ ഭാഗങ്ങളിലെ പ്രധാന പള്ളികള്‍. ജനങ്ങള്‍ ജുമുഅക്ക് അവയെയാണ് ആശ്രയിച്ചിരുന്നത്. ഉള്‍നാടന്‍ പ്രദേശമായിരുന്നതിനാല്‍ മറ്റു നിസ്‌കാരങ്ങള്‍ വീടുകളില്‍ നിന്നോ പുഴക്കരകളില്‍നിന്നോ പാടവരമ്പുകളില്‍ നിന്നോ നിര്‍വഹിക്കപ്പെട്ടു. അങ്ങിങ്ങായി ഉണ്ടായിരുന്ന കൊച്ചു കൊച്ചു സ്രാമ്പ്യകളും ആശ്രയിക്കപ്പെട്ടു. ചെറുപുഴയോട് ചേര്‍ന്നു കിടക്കുന്ന പുള്ളനൂര്‍ പ്രദേശത്തുതന്നെ ഒരു പള്ളി വേണമെന്ന ആവശ്യം ആളുകളുടെ മനസ്സുകളിലുണ്ടായിരുന്നു. പക്ഷെ, അതിനുള്ള ആസ്ഥിയും സൗകര്യങ്ങളുമില്ലാത്തതിനാലും മുസ്‌ലിം കുടുംബങ്ങള്‍ ധാരാളമൊന്നും ഈ ഭാഗങ്ങളില്‍ ഇല്ലാത്തതിനാലും ആ ചിന്തകള്‍ സജീവമായി മുന്നോട്ടുപോയില്ല എന്നുവേണം കരുതാന്‍. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ നാരകശ്ശേരി ഉസ്താദ് ഇടപെട്ടുകൊണ്ടാണ്  ഇന്നു കാണുന്ന കുഴിമണ്ണില്‍ പള്ളി ഉയര്‍ന്നുവരുന്നത്. അത് ഇന്ന് ഏറെ വളര്‍ന്ന്, വികസിച്ച്, വലിയൊരു മഹല്ലായി പരിണമിച്ചിരിക്കുന്നു. വളരെ അച്ചടക്കവും വ്യവസ്ഥയും വിദ്യാഭ്യാസവുമുള്ള ഒരു മാതൃകാ മഹല്ലായിത്തന്നെ ഇത് ഇന്ന് മാറിക്കഴിഞ്ഞു. 

എഴുപതിലേറെ വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട് ഇന്ന് കുഴിമണ്ണില്‍ പള്ളിക്ക്. ശക്തമായൊരു നേതൃവൃന്ദം പിന്നില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയും സുഭദ്രമായൊരു പാരമ്പര്യം ഇതിനു അവകാശപ്പെടാന്‍ സാധിക്കുന്നത്. മുസ്‌ലിം ജീവിതത്തിന്റെ നാനാതല സ്പര്‍ശിയായ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്നിത് പ്രവര്‍ത്തിച്ചുവരുന്നു. പുള്ളനൂരിന്റെയും പരിസര പ്രദേശങ്ങളുടെയും ഇസ്‌ലാമിക ചിന്തയുടെ അനുശീലന കേന്ദ്രമാണ് ഇന്ന് പള്ളി. ഈ നാടിന്റെ ഇസ്‌ലാമിക സിരാകേന്ദ്രവും തലസ്ഥാനവുംകൂടിയാണിത്. ഈ പള്ളിയെ കേന്ദ്രീകരിച്ചാണ് വിശാലമായ പുള്ളനൂര്‍ നിവാസികളുടെ ഇസ്‌ലാമിക ജീവിതം ക്രമംതെറ്റാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവിടെനിന്നാണ് പുതിയ തലമുറ തങ്ങളുടെ ഇസ്‌ലാമിക വ്യക്തിത്തിന്റെ ആദ്യ പാഠങ്ങള്‍ ശരിപ്പെടുത്തുന്നതും. 

പള്ളിയുടെ ഉദയത്തിനു പിന്നിലെ കഥ
പുള്ളനൂര്‍-കുഴിമണ്ണില്‍ പരിസരങ്ങളിലെവിടെയും പള്ളികളില്ലാതിരുന്ന കാലം. മുണ്ടോട്ട് മഹല്ലിന്റെ ഭാഗമായിരുന്നതിനാല്‍ ജുമുഅ നിസ്‌കാരത്തിനായി എല്ലാവരും അവിടേക്കാണ് പോയിരുന്നത്. മറ്റു നിസ്‌കാരങ്ങള്‍ വീട്ടില്‍നിന്നോ മറ്റോ നിര്‍വഹിച്ചുപോന്നു. ആയിടെയാണ് ഇവിടത്തെ കാരണവന്മാരിലൊരാളായിരുന്ന കുവ്വക്കണ്ടി ഉണ്ണിമോയിന്‍ ഹാജി ഹജ്ജിനു പോകാന്‍ തയ്യാറെടുക്കുന്നത്. റമളാന്‍ മാസം വന്നെത്തി. യാത്രക്കുള്ള ദിവസം അടുത്തു വന്നു. യാത്രയോടനുബന്ധിച്ച്  വീട്ടില്‍ വലിയൊരു നോമ്പുതുറ സംഘടിപ്പിച്ചു. നാരകശ്ശേരി ഉസ്താദായിരുന്നു മുഖ്യാതിഥി. ഉസ്താദുമായി അന്ന് വളരെ അടുപ്പത്തിലും സ്‌നേഹ ബന്ധത്തിലുമായിരുന്നു നാട്ടിലെ കാരണവന്മാരായിരുന്നു കുഴിമണ്ണില്‍ ആലി ഹാജിയും കുവ്വക്കണ്ടി ഉണ്ണിമോയിന്‍ ഹാജിയും.

നോമ്പുതുറ കഴിഞ്ഞു. പക്ഷെ, എല്ലാവര്‍ക്കും ജമാഅത്തായി നിസ്‌കരിക്കാനുള്ള ഒരു പള്ളി സൗകര്യം അവിടെയെവിടെയുമില്ല. ഇത് നാരകശ്ശേരി ഉസ്താദിനെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹം ഉടനെത്തന്നെ കാരണവന്മാരോടായി പറഞ്ഞു: 

''നമുക്ക് ഇവിടെ ഒരു പള്ളി അത്യാവശ്യമാണ്. ഈ പ്രദേശത്തുള്ളവര്‍ക്കെല്ലാം ജമാഅത്തായി നിസ്‌കരിക്കാനും ഒരുമിച്ചുകൂടാനുമൊക്കെ അത് കൂടിയേ തീരൂ. ആയതിനാല്‍, ഇപ്പോള്‍ നമുക്ക് അതിന് എന്തു ചെയ്യാന്‍ പറ്റും?''

ഉസ്താദിന്റെ ആവശ്യം കാരണവന്മാര്‍ ഗൗരവമായി കണ്ടു. അവര്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

''ഞാന്‍ ഹജ്ജുകഴിഞ്ഞ് തിരിച്ചെത്തിയിട്ട് നമുക്ക് ഇവിടെ പള്ളിയുടെ പണി തുടങ്ങാം.'' ഉണ്ണിമോയിന്‍ ഹാജി പറഞ്ഞു.

''ഇനിയും വൈകിച്ചുകൂടാ. വേഗത്തില്‍ പള്ളിയുടെ പണി തുടങ്ങണം. അതിനായി, ഇപ്പോള്‍തന്നെ ഞാന്‍ ഭൂമി നല്‍കാം.'' ആലി ഹാജി അഭിപ്രായപ്പെട്ടു. അദ്ദേഹം തന്റെ കുഴിമണ്ണില്‍ ഭൂമിയുടെ ചെറിയൊരു ഭാഗം പള്ളിക്കായി വിട്ടുകൊടുക്കുകയും ചെയ്തു. എല്ലാവര്‍ക്കും സമ്മതമായി; സന്തോഷവും. 

അതോടെ, പള്ളിയുടെ പണിയാരംഭിച്ചു. ഉസ്താദ് തന്നെയാണ് അതിനു നേതൃത്വം നല്‍കിയത്.

നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ 
ഒരു സ്രാമ്പ്യയായിട്ടായിരുന്നു തുടക്കം. പരിസരത്തു വീണു കിടന്നിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നായിരുന്നു പണി. മാതുകണ്ടി മുഹമ്മദ്ക്ക, മൂരിക്കണ്ടത്തില്‍ വിച്ചിണി പോലെയുള്ള അന്നത്തെ ചെറുപ്പക്കാരാണ് ഇതിനു തറയൊരുക്കാനും മറ്റും പ്രവര്‍ത്തിച്ചിരുന്നത്. കുഴിമണ്ണില്‍ ആലി ഹാജിയായിരുന്നു നേതൃത്വം. തെങ്ങിന്റെ മുട്ടികളും പലകകളും ചേര്‍ത്ത് ചെറിയൊരു സ്രാമ്പ്യ മത്രമാണ് നിര്‍മിച്ചിരുന്നത്. നാട്ടുകാര്‍ക്ക് നിസ്‌കരിക്കാനുള്ള പള്ളിയുടെ ആദ്യ രൂപം അതായിരുന്നു.  പിന്നീട് കാലങ്ങളോളം ഈ സ്രാമ്പ്യയിലാണ് നാട്ടുകാര്‍ നിസ്‌കരിച്ചിരുന്നത്. ജുമുഅക്കും പെരുന്നാളിനും മുണ്ടോട്ടു പോകും. ബാക്കിയെല്ലാം ഇവിടെത്തന്നെ. 

ശേഷം, കാലങ്ങള്‍ക്കൊടുവില്‍ പള്ളിയുടെ രണ്ടാം ഘട്ട വികസനം നടന്നു. ഓടിട്ട ചെറിയൊരു മുറിയും ഒരു ഹൗളും പള്ളിക്കുവേണ്ടിയൊരുങ്ങി. ഹൗളില്‍ വെള്ളം കോരി ഒഴിക്കും. അടുത്ത കിണറില്‍നിന്നും ഏത്തംകൊണ്ട് മുക്കിയാണ് വെള്ളം എത്തിക്കുക. കിണറിനടുത്തുനിന്നും ഹൗളിലേക്കു കമുങ്ങിന്റെ പാത്തികൊണ്ട് സജ്ജീകരിച്ച ഒരു ചാനലുണ്ടായിരുന്നു. അതു വഴി വെള്ളം ഹൗളിലെത്തും. തായട അബൂബക്ര്‍ കുട്ടിക്ക, തായട മുഹമ്മദ്ക്ക, തേവങ്ങല്‍ അസയിന്‍ക്ക പോലെയുള്ളവരാണ് അന്ന് ഹൗളില്‍ വെള്ളം നിറച്ചിരുന്നത്. അതിനു ഒരു വര്‍ഷത്തില്‍ 35 രൂപ ലഭിക്കുമായിരുന്നു. വര്‍ഷങ്ങളോളം ഇതായിരുന്നു പള്ളിയുടെ അവസ്ഥ. നിസ്‌കരിക്കാനായി അന്ന് ആളുകള്‍ കൂടിവന്നു. എങ്കിലും വളരെ ലളിതമായിരുന്നു ഈ രണ്ടാം ഘട്ടവും. ഏകദേശം 1974-75 വരെ ഇതായിരുന്നു സ്ഥിതി. കെ.കെ. മൊയ്തീന്‍ കോയ ഹാജിയാണ് പള്ളിയുടെ ഈ രണ്ടാം ഘട്ട വികസനത്തിനും മുന്നേറ്റത്തിനും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. 
   
സ്ഥലം നല്‍കിയവര്‍
കാലക്രത്തില്‍ പള്ളി സ്ഥല പരിമിതിയില്‍ നിന്നും മോചിതമായി. ദീനീസ്‌നേഹികളായ പല നല്ല ജനങ്ങളും പള്ളിക്കുവേണ്ടി സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്നു. ഇത് പള്ളിയുടെ നാനാവിധമായ വികസനത്തിനു വഴിയൊരുക്കി. 

1978 ലാണ് ഔദ്യോഗികമായി പള്ളി നിലനിന്ന സ്ഥലം പള്ളിക്ക് വഖ്ഫായി രജിസ്റ്റര്‍ ചെയ്യുന്നത്. കുഴിമണ്ണില്‍ മൊയ്തീന്‍ കോയ മാസ്റ്ററാണ് ഇത് നല്‍കിയത്. ഏകദേശം രണ്ടര സെന്റ് ഭൂമിയായിരുന്നു ഇത്. തന്റെ പിതാവ് കെ.എം. ആലി ഹാജി നേരത്തെ പള്ളിയുണ്ടാക്കാന്‍ വിട്ടുകൊടുത്തതായിരന്നു ഇത്. ശേഷം, 1983, 1987 വര്‍ഷങ്ങളിലായി മകന്‍ കുഴിമണ്ണില്‍ റഹീം രണ്ടു സെന്റ് (2 സെന്റും അല്‍പവും) ഭൂമി കൂടി പള്ളിക്കു വഖഫ് ചെയ്തു. 2000 ല്‍ പള്ളിക്കമ്മിറ്റി രണ്ടു സെന്റ് ഭൂമികൂടി വാങ്ങുകയും പള്ളിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. 

പിന്നീട് വിവിധ പ്രദേശങ്ങളിലായി പലരും പള്ളിക്കുവേണ്ടി സ്ഥലം വഖ്ഫ് ചെയ്യുകയും സഹായ സഹകരണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അവരില്‍ പ്രധാനികള്‍ ഇവരാണ്:

1. കുനത്തിന്‍പുറത്ത് കദീശുമ്മ (1987), 
2. ആലിപ്പറമ്പത്ത് ആലി ഹാജി (2001), 
3. കുവ്വക്കണ്ടി മൊയ്തീന്‍ കോയ ഹാജി (1995), 
4. കുവ്വക്കണ്ടി സൈനബി (2010)

കമ്മിറ്റിയും പ്രവര്‍ത്തനങ്ങളും 
തുടക്കകാലം മുതല്‍തന്നെ പള്ളിക്കു കമ്മിറ്റി വന്നിരിക്കണം. എന്നിരുന്നാലും, കുറേ കാലം മുതവല്ലി സമ്പ്രദായമാണ് പള്ളിക്ക് ഉണ്ടായിരുന്നത്. കെ.എം. മൊയ്തീന്‍ കോയ മാസ്റ്ററായിരുന്നു കാലങ്ങളോളം പള്ളിയുടെ മുതവല്ലി. അദ്ദേഹമാണ് പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. പൊതു ജനങ്ങളുടെ സഹായവും സഹകരണവും നേതാക്കളുടെ ബന്ധങ്ങളും ഇടപെടലുകളുമെല്ലാം അന്നും ഉണ്ടായിരുന്നു. 

കമ്മിറ്റി നിലവില്‍വന്നതിനുശേഷം ജനാധിപത്യ രീതിയിലേക്കു മഹല്ലത്തിന്റെ ഭരണം മാറി. കെ.എം. മൊയ്തീന്‍ കോയ മാസ്റ്റര്‍, കുവ്വക്കണ്ടി മൊയ്തീന്‍കോയ ഹാജി തുടങ്ങിയവരാണ് പള്ളിയുടെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വലിയ വ്യക്തിത്വങ്ങള്‍. കൂടെ പുനത്തിന്‍പുറത്ത് അഹ്മദ് ഹാജി, തേങ്ങാപ്പോയില്‍ ഹുസൈന്‍ കുട്ടി ഹാജി, തട്ടങ്ങശ്ശേരി ഇമ്പിച്ചി മോതി ഹാജി, ഇ.പി. അഹ്മദ് കുട്ടി ഹാജി, മണ്ണപ്പടിക്കല്‍ മരക്കാര്‍, സി.വി. അഹ്മദ് കുട്ടി ഹാജി, സി.കെ. ബാവ ഹാജി തുടങ്ങിയവരും ഒട്ടും പിന്നിലല്ലാതെ പ്രവര്‍ത്തിച്ചിരുന്നു. പള്ളിയുടെ പഴയകാല കമ്മിറ്റിയെ ഇങ്ങനെ മനസ്സിലാക്കാം:

പഴയകാല പ്രസിഡന്റുമാര്‍: കെ.എം. മൊയ്തീന്‍ കോയ മാസ്റ്റര്‍, പി.പി. അഹ്മദ് ഹാജി, ഇ.പി. അഹ്മദ് കുട്ടി ഹാജി, മാണിക്കഞ്ചേരി ആലിക്കുഞ്ഞി, എ.പി. ആലി ഹാജി

പഴയ കാല സെക്രട്ടറിമാര്‍: കെ.എം. മൊയ്തീന്‍ കോയ മാസ്റ്റര്‍, കെ.എം. കുഞ്ഞി മുഹമ്മദ് ഹാജി, സി.വി. അഹ്മദ് കുട്ടി ഹാജി, കെ.എം. കുഞ്ഞി മുഹമ്മദ് ഹാജി (രണ്ടു ഘട്ടങ്ങളിലായി 30 ലേറെ വര്‍ഷങ്ങള്‍), കെ.എം. അബ്ദുല്‍ അസീസ് ഹാജി

തന്റെ പതിനഞ്ചാം വയസ്സില്‍ തന്നെ മഹല്ല് കമ്മിറ്റിയില്‍ അംഗമാവുകയും മുപ്പതിലേറെ വര്‍ഷം സെക്രട്ടറിയാവുകയും മഹല്ലുമായി ബന്ധപ്പെട്ട തന്റെ പ്രവര്‍ത്തനങ്ങളുടെ അമ്പത് വര്‍ഷങ്ങള്‍ പൂത്തിയക്കുകയും ചെയ്ത കെ.എം. കുഞ്ഞി മുഹമ്മദ് ഹാജിയാണ് ഇന്നത്തെ മഹല്ല് പ്രസിഡന്റ്. കുവ്വക്കണ്ടി അഷ്‌റഫ് മാസ്റ്റര്‍ സെക്രട്ടറിയുമാണ്. 

നാരകശ്ശേരി ഉസ്താദിനു ശേഷം സ്ഥലം ഖാസിയായിരുന്ന പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാരും ഈ ഭാഗത്തെ പ്രമുഖ പണ്ഡിതനും സമസ്ത വൈസ്പ്രസിഡന്റുമായിരുന്ന അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുമാണ് പള്ളിയുടെ എല്ലാ കാര്യങ്ങള്‍ക്കും മതപരമായ നേതൃത്വവും മാര്‍ഗദര്‍ശനവും നല്‍കിയിരുന്നത്. ഇടക്കിടെ പല യോഗങ്ങള്‍ക്കുമായി അവര്‍ ഇവിടെ വരികയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

പള്ളിയുടെ മൂന്നാം ഘട്ട വിപുലീകരണം
കമ്മിറ്റി വളരെ ശക്തമായി പ്രവര്‍ത്തിക്കുന്ന 1974-75 കാല ഘട്ടം. പള്ളി കൂറേകൂടി വ്യവസ്ഥാപിതമായി രണ്ടു തട്ടുകളായി പുതുക്കിപ്പണിയാന്‍ കമ്മിറ്റി തീരുമാനിച്ചു. നാട്ടില്‍ മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇത് അനിവാര്യമായിരുന്നു. സി.വി. അഹ്മദ് കുട്ടി ഹാജിയായിരുന്നു അന്ന് സെക്രട്ടറി. പി.പി. അഹ്മദ് ഹാജി പ്രസിഡന്റും. എ.പി. അബൂബക്ര്‍ കുട്ടി ഹാജി, കെ.എം. അസീസ് ഹാജി, കെ.എം. കുഞ്ഞു മുഹമ്മദ് ഹാജി തുടങ്ങിയവരും പ്രവര്‍ത്തനങ്ങളില്‍ കൂടെ നിന്നു. 

സാമ്പത്തികം വലിയൊരു പ്രശ്‌നം തന്നെയായിരുന്നു. ഗള്‍ഫ് സഹായങ്ങള്‍ ഇല്ലാതിരുന്ന കാലം. നാട്ടിലും പരിസര നാടുകളിലും ഇറങ്ങി പിരിവ് നടത്താന്‍ തന്നെയായിരുന്നു തീരുമാനം. പണ സമാഹരണാത്ഥം വയളു പരപാടികളും നടന്നു. തലപ്പെരുമണ്ണ മുദരിസുമാരും മറ്റും പങ്കെടുത്ത വയള് പരമ്പര. ലേലവും മറ്റുമായി അല്‍പം പണം സമാഹരിക്കാന്‍ ഇതു വഴി കഴിഞ്ഞു. പിരിവ് തന്നെയായിരുന്നു പിന്നീടുള്ള ശരണം. അങ്ങനെ, മലയമ്മ, കരുവമ്പൊയില്‍ ഭാഗങ്ങളില്‍ രശീതിയുമായി ചെന്ന് പിരിവുകള്‍ നടന്നു. സി.വി. അഹ്മദ് കുട്ടി ഹാജിയും സംഘവും ദിവസങ്ങളോളം ഈ ഭാഗങ്ങളിലെ പ്രമാണിമാരെയും പണക്കാരെയും കണ്ട് കാര്യം ധരിപ്പിക്കുകയും സംഭാവനകള്‍ സ്വരൂപിക്കുകയും ചെയ്തു. പരിചയമുള്ള കോഴിക്കോട്ടെ കടകളില്‍വരെ പിരിവിനു പോയിരുന്നു. അഞ്ചു രൂപയും പത്തു രൂപയുമൊക്കെയാണ് അന്ന് ആളുകള്‍ സംഭാവനയായി നല്‍കിയിരുന്നത്. അന്നത്തെ കാലം അതായിരുന്നു. നാടിന് സാമ്പത്തികമായി യാതൊരു മികവുമുണ്ടായിരുന്നില്ല. മലയമ്മ പാലാട്ടുമ്മല്‍ അബൂബക്ര്‍ ഹാജി അന്ന് 100 രൂപ നല്‍കി സഹായിച്ചു. വള്ളിക്കാട്ട് ശാഫി ഹാജി, കെ.ടി. മൊയ്തീന്‍ കുട്ടി ഹാജി, കരുവമ്പൊയില്‍ ടി.പി. മുഹമ്മദ് ഹാജി തുടങ്ങിയവരും നല്ല സഹായങ്ങള്‍ നല്‍കി. നാട്ടുകാര്‍ മൊത്തം പല വിധത്തിലുള്ള സഹായ സഹകരണങ്ങള്‍ നല്‍കിയതോടെ പള്ളിയുടെ പണി അറിയാതെ മനോഹരമായി നടന്നു. ഓരോ ദിവസവും കിട്ടുന്ന പിരിവുകളും സംഭാവനകളും അതതു ദിവസത്തെ പണിക്കും പണിക്കാര്‍ക്കും നല്‍കുകയായിരുന്നു. ഹൗളും അകം പള്ളിയും പുറം പള്ളിയും കോണിയും ഗുരുഡീസ് നിരത്തിയ രണ്ടാം നിലയുമായി മനോഹരമായൊരു പള്ളി ഇതോടെ തയ്യാറായി. 2000 വരെ ഈ പള്ളിയാണ് പുള്ളനൂരിന്റെ അഭിമാനമായി തലയുയര്‍ത്തി നിന്നത്. ആദ്യ കാലങ്ങളില്‍ നിസ്‌കാരപ്പള്ളിയായിരുന്നുവെങ്കിലും ഈ പള്ളിയില്‍വെച്ചുകൊണ്ടാണ് പിന്നീട് ജുമുഅ ആരംഭിക്കുന്നത്. 

മഹല്ല് രൂപീകരണവും ജുമുഅ ചര്‍ച്ചകളും
താമസിയാതെ, പള്ളിയും സംവിധാനങ്ങളും ഏറെ വ്യവസ്ഥാപിതമാവുകയും വേഗത്തില്‍ വികസിക്കുകയും ചെയ്തു. ഒരു വ്യവസ്ഥാപിത മഹല്ല് എന്ന നിലയിലേക്കുവരെ ക്രമേണ കാര്യം എത്തി. ജുമുഅ വരെ ക്രമപ്പെട്ടുവരുന്നത് അങ്ങനെയാണ്. 

പള്ളിയില്‍ ജുമുഅ ആരംഭിച്ച കാര്യം വലിയ ചര്‍ച്ചകള്‍ക്കു വഴി തുറന്ന സംഭവമായിരുന്നു. വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവിടെ ജുമുഅ നിലനിര്‍ത്തുന്നത്. 1983 ല്‍ പി.സി. കുഞ്ഞാലന്‍ കുട്ടി ഉസ്താദിന്റെ അധ്യക്ഷതയില്‍ ശംസുല്‍ ഹുദാ മദ്‌റസയില്‍വെച്ചു ചേര്‍ന്ന യോഗത്തിലാണ് ആദ്യമായി ഇവിടെ ജുമുഅ തുടങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. പിന്നീട് അണ്ടോണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജുമുഅ നടത്തുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള 61 പേരുടെ ഒപ്പുശേഖരണം നടത്തിയത് ഹാജരാക്കുകയും ഖാസിയുടെ സമ്മതത്തോടെ ജുമുഅ നിര്‍ത്താന്‍ തീരുമാനമാവുകയും ചെയ്തു. 

അന്നു നിശ്ചയിച്ചതനുസരിച്ച് പടിഞ്ഞാര്‍ ഭാഗം പുഴയും തെക്ക് കുറുങ്ങാട്ടുകടവ് നിലവും കിഴക്ക് ഞണ്ടാടി പള്ളിക്കു മുന്‍വശത്തുള്ള തോടു തുടങ്ങി വടക്കു വയല്‍ അവസാനിക്കുന്ന ഭാഗത്തുനിന്ന് ഇടത്തോട്ട്, മൊയോട്ടക്കടവ് പുഴയിലവസാനിക്കുന്ന റോഡിന്റെ  ഉള്‍വശവുമായിരുന്നു കുഴിമണ്ണില്‍ മഹല്ലിന്റെ അതിര്‍ത്തി. 55 ഓളം മുസ്‌ലിം വീടുകളുണ്ടായിരുന്ന ഇതില്‍ അന്ന്  ജുമുഅ നിര്‍ബന്ധമുള്ള 86 ഓളം ആളുകളുണ്ടായിരുന്നു.

അവസാനം 1989-90 ലാണ് ഇവിടെ ജുമുഅ ആരംഭിക്കുന്നത്. പി.സി. കുഞ്ഞാലന്‍ കുട്ടി ഉസ്താദായിരുന്നു അന്ന് ഇവിടത്തെ ഖാസി. ജുമുഅ ആരംഭിച്ചതോടെ മഹല്ല് സംവിധാനം ഏറെ കാര്യക്ഷമമാകുകയും വ്യവസ്ഥാപിതവും സംഘടിതവുമായ മതപ്രവര്‍ത്തനം ശക്തമാവുകയും ചെയ്തു. പി.സി. കുഞ്ഞാലന്‍ കുട്ടി ഉസ്താദിനു ശേഷം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരാണ് ഇന്ന് മഹല്ല് ഖാസി. കളത്തിങ്ങള്‍ അബ്ദുല്ല മുസ്‌ലിയാര്‍, മുണ്ടോട്ടുപോയില്‍ പവര്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരാണ് കാലങ്ങളോളം ഇവിടെ ഖുഥുബ നിര്‍വഹിച്ചിരുന്നത്. തേവങ്ങല്‍ അസയിന്‍, വടക്കുവീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മുക്രിമാര്‍.

പള്ളിയുടെ പുനര്‍നിര്‍മാണവും ഗള്‍ഫ് സഹായങ്ങളും
മഹല്ലില്‍ ജനവാസം വര്‍ദ്ധിക്കുകയും പള്ളിയില്‍ സൗകര്യങ്ങള്‍ കുറയുകയും ചെയ്തതോടെ കമ്മിറ്റി ആധുനികമായ രീതിയില്‍ പള്ളിയെ പരിഷ്‌കരിക്കാനും പുനര്‍നിര്‍മാണം നടത്താനും പദ്ധതിയിട്ടു. 1999-2000 ങ്ങളിലായിരുന്നു സംഭവം. പള്ളിയെ സംബന്ധിച്ചിടത്തോളം അതിന്റെ നാലാം ഘട്ട പുനര്‍ നിര്‍മാണമായിരന്നു അത്. മലയമ്മ സലാല അബൂബക്ര്‍ ഹാജി വഴി ഗള്‍ഫ് സഹായം ലഭിച്ചതോടെ ഇത് ഏറെ സുഗമമായി. ഒപ്പം നാട്ടിലിറങ്ങി വലിയ പണപ്പിരിവും നടത്തി. അങ്ങനെ, 9 ലക്ഷം ഗല്‍ഫില്‍നിന്നും 3 ലക്ഷം നാട്ടില്‍നിന്നുമായി 12 ലക്ഷം സമാഹരിക്കുകയും പള്ളിയുടെ പുനര്‍നിര്‍മാണം ആരംഭിക്കുകയും ചെയ്തു. കെ.എം. കുഞ്ഞി മുഹമ്മദ് ഹാജി, സി.വി. അസീസ് ഹാജി, എ.പി. അബൂബക്ര്‍ കുട്ടി ഹാജി തുടങ്ങിയവരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.  കൂടെ നാട്ടുകാരും കമ്മിറ്റി മെമ്പര്‍മാരും എല്ലാം സഹകരണ മനസ്സോടെ ഉറച്ചു നിന്നപ്പോള്‍ പുള്ളനൂര്‍ നിവാസികള്‍ കാലങ്ങളായി സ്വപ്നം കണ്ട മനോഹരമായൊരു മസ്ജിദ് കെട്ടിടം രൂപം കൊണ്ടു. അതാണ് ഇന്നു നാം കാണുന്ന കുഴിമണ്ണില്‍ ജുമുഅത്ത് പള്ളി. 

2000 ജൂണ്‍ മാസത്തില്‍ പള്ളി പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ണമായും അവസാനിച്ചു. ജൂണ്‍ 24 ന് വാവാട് കുഞ്ഞിക്കോയ ഉസ്താദ് ളുഹര്‍ നിസ്‌കാരം നിര്‍വഹിച്ചാണ് ഇത് ഉല്‍ഘാടനം നിര്‍വഹിക്കുന്നത്. ധാരാളം ആളുകള്‍ സംഗമിച്ച വലിയൊരു ചടങ്ങായിരുന്നു ഇത്. 

സഹായിക്കുന്ന സുമനസ്സുകള്‍
പള്ളിയുടെ ഈ വികാസ പരിണാമങ്ങളില്‍ നാട്ടുകാരും നാട്ടിലെ ഗള്‍ഫുകാരും അനവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നു. നാട്ടിലെ സാധാരണ ജോലിക്കാരും കൂലിപ്പണിക്കാരുമെല്ലാം അവരുടെതായ സഹായം നല്‍കിയിട്ടുണ്ട്. തങ്ങളുടെ കഴിവനുസരിച്ച് വലിയ സഹാങ്ങള്‍ നല്‍കിയവരുമുണ്ട്. 

എന്നിരന്നാലും, പലപ്പോഴായും പള്ളിക്കും മദ്‌റസക്കും വേണ്ടി വലിയ സഹായങ്ങള്‍ നല്‍കുന്ന ധാരാളം ആളുകളണ്ട്. എ.പി. കോയ ഹാജി, എ.പി. മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. 

പള്ളിയെയും മദ്‌റസയെയും കാലങ്ങളായി അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു അനുഗ്രഹീത വ്യക്തിത്വമാണ് മേച്ചേരി മുഹമ്മദ് ഹാജി. പല ഘട്ടങ്ങളിലായി വിലമതിക്കാനാവാത്ത അനവധി സഹായങ്ങള്‍ അദ്ദേഹം ഈ മഹല്ലത്തിനുവേണ്ടിയും അതിലെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും നടത്തിയിട്ടുണ്ട്. ഇന്ന് പള്ളിയില്‍ കാണുന്ന മരംകൊണ്ടുണ്ടാക്കിയ, കൊത്തുപണികളുള്ള മനോഹരമായ മിഹ്‌റാബ് അദ്ദേഹത്തിന്റെ സംഭാവനയാണ്. പള്ളിയുമായി ബന്ധപ്പെട്ട് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹമാണ് നേതൃത്വം നല്‍കുന്നത്. പുതിയോട്ടില്‍ ശംസുവിന്റെയും സഹായ സഹകണങ്ങള്‍ എടുത്തു പറയേണ്ടതാണ്. 

കുവ്വക്കണ്ടി ആയിശുമ്മ, പുനത്തിന്‍പുറത്ത് കദീശുമ്മ, തേങ്ങാപ്പോയില്‍ കദീശുമ്മ തുടങ്ങിയ പെണ്‍ സഹായങ്ങളും പള്ളിയുടെ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്നു. 

മത മൈത്രിയുടെ ശംഖൊലിയും മണിനാദവുമുയരുന്ന ഈ നാട്ടില്‍ പള്ളിയുടെയും മദ്‌റസയുടെയും നടത്തിപ്പിലേക്കു അമുസ്‌ലിം സഹായങ്ങള്‍വരെ ഉണ്ടായിട്ടുണ്ടെന്നത് നന്ദിയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു കാര്യമാണ്. പള്ളിയുടെ ആദ്യ നിര്‍മാണ ഘട്ടത്തില്‍തന്നെ സ്രാമ്പ്യ കെട്ടാന്‍ ആവശ്യമായ പല സാമഗ്രികളും തന്നത് ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കളായിരുന്നു. ശേഷം, തായത്തുവീട്ടില്‍ ടി.വി. ഗോവിന്ദന്‍ ഇടക്കിടെ പള്ളിയെയും മദ്‌റസയെയും സഹായിക്കാറുണ്ടായിരുന്നു. നബിദിനപരിപാടികളിലേക്ക് കാപ്പി, മധുരം പോലുള്ള സംഭാവനകളും അദ്ദേഹം നല്‍കുമായിരുന്നു. മാപ്പിളമാരെ സഹായിക്കുന്ന ഇത്തരം കാര്യങ്ങളില്‍നിന്നും തന്നെ ഒഴിച്ചുനിര്‍ത്തരുതെന്നും എപ്പോഴും ബന്ധപ്പെടുത്തണമെന്നും ആവശ്യപ്പെടുമായിരുന്നു. പുള്ളനൂര്‍ സ്‌കൂള്‍ ഉയര്‍ന്നുവരുന്നതിലും അദ്ദേഹത്തിന്റെ സഹായ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. 

No comments:

Post a Comment