Sunday, 23 February 2014

പുള്ളനൂര്‍- സമസ്തയുടെ അജയ്യമായ കോട്ട


സമസ്തക്കു ആഴത്തില്‍ വേരുള്ള നാടാണ് പുള്ളനൂര്‍. സമസ്തക്കു ഒരു ഉപാദ്ധ്യക്ഷനെ സംഭാവന ചെയ്ത നാട്. 1950 കളിലോ അതിനു മുമ്പോ സമസ്തയുടെ വര്‍ത്തമാനങ്ങള്‍ നിരന്തരം എത്തിക്കൊണ്ടിരുന്ന പ്രദേശം. 1963 ല്‍ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ഇത് സമസ്തയുടെ താവഴിയില്‍നിന്നും മുറിച്ചുമാറ്റപ്പെടാനാവാത്ത വിധം ആ ആദര്‍ശ സംരക്ഷണത്തിന്റെ സുശക്തമായൊരു കോട്ടയായി മാറി. അവിടന്നിങ്ങോട്ട് പതിറ്റാണ്ടുകളായി പുള്ളനൂര്‍ സമസ്തയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമായി നിലകൊള്ളുന്നു. 1940 കളിലും 50 കളിലുമായു നിലവില്‍ വന്ന കുഴിമണ്ണില്‍ ജുമുഅത്ത് പള്ളിയും പുള്ളനൂര്‍ ശംസുല്‍ ഹുദാ മദ്‌റസയുമാണ് ഈ അവകാശവാദം അന്യായമല്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകള്‍. ഇതു രണ്ടുമായിരുന്നു എന്നും ഈ നാട്ടിലെ സമസ്തയുടെ ആശയ പ്രചരണ കേന്ദ്രങ്ങള്‍.

പുള്ളനൂരിലെ സമസ്തയുടെ കഥ പറയുമ്പോള്‍ നാരകശ്ശേരി ഉസ്താദാണ് ആദ്യമായി അനുസ്മരിക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വം. ശംസുല്‍ ഉലമ സെക്രട്ടറിയും കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റുമായ സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു നാരകശ്ശേരി ഉസ്താദ്. 1973 ല്‍ ഉസ്താദാണ് വഫാത്താകുന്നതു വരെ ഈ സ്ഥാനം അലങ്കരിച്ചു. കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനും ശംസുല്‍ ഉലമായുടെ ഉസ്താദുമായ നാരകശ്ശേരി ഉസ്താണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ വഴികാട്ടി. ഉസ്താദ് കാണിച്ച പന്ഥാവിലൂടെയാണ് ഈ നാട് സഞ്ചരിക്കേണ്ടത്. ഉസ്താദ് ഉറച്ചുനിന്ന നേതൃത്വത്തിനു കീഴിലാണ് നാം ഉറച്ചുനില്‍ക്കേണ്ടത്. അല്‍ഹംദുലില്ലാഹ്, പുള്ളനൂര്‍ ഇന്നും ആ നേതൃത്വത്തില്‍ വിശ്വാസമര്‍പിച്ച് ഇന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. 

ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും നയിച്ച സമസ്തയാണ് നമ്മുടെ നാടിനു വെളിച്ചം നല്‍കിയത് എന്നതില്‍ രണ്ടഭിപ്രായത്തിനു വകയില്ല. അവരുടെ ജീവിതകാലത്തുതന്നെ നാരകശ്ശേരി ഉസ്താദ് ആ വെളിച്ചം നമുക്ക് എത്തിച്ചുതന്നു. വരും തലമുറക്ക് സംശയമില്ലാതിരിക്കാന്‍ നാരകശ്ശേരി കണ്ണിയത്ത് ഉസ്താദിനെ നമ്മുടെ നാട്ടില്‍ കൊണ്ടുവന്നു പ്രസംഗിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഉസ്താദായ കണ്ണിയത്ത് പറയുന്നതാണ് സത്യം; അതിനാല്‍ നിങ്ങളത് ഉള്‍കൊള്ളണമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഞണ്ടാടി പള്ളിക്കടുത്തു വെച്ചായിരുന്നു പരിപാടി. ശംസുല്‍ ഉലമയും തന്റെ വന്ദ്യ ഗുരുവിനെ തേടി പല തവണ പുള്ളനൂരില്‍ വന്നു. ഇവിടത്തുകാര്‍ക്ക് സത്യ ദീനിന്റെ വെളിച്ചം പകര്‍ന്നു. അതിനാല്‍, നാരകശ്ശേരി ഉസ്താദ് തുറന്നു തന്ന സമസ്തയുടെ പാതയാണ് പുള്ളനൂരിന്റെ ആദര്‍ശ പാതയെന്ന് നമ്മളിന്ന് ഉറച്ചുവിശ്വസിക്കുന്നു. അത് കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ ഉലമയുടെയും വഴിയായിരുന്നുവെന്നും നാം ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടായിരുന്നു നാരകശ്ശേരി ഉസ്താദ് വഫാത്തായ ആ വെള്ളിയാഴ്ച ദിവസം. ജുമുഅ നിസ്‌കാരത്തിനായി പള്ളിയുടെ മുനാരങ്ങളില്‍നിന്നും ബാങ്ക് വിളിയുയര്‍ന്ന നേരം. മുണ്ടോട്ടെ പള്ളിയുടെ മുമ്പില്‍നിന്ന് ഇരുകൈകള്‍ ആകാശത്തിലേക്കുയര്‍ത്തി ശംസുല്‍ ഉലമ പ്രാര്‍ത്ഥിച്ചത്: ഈ വന്ദ്യ ഗുരുവിന് നീ പൊറുക്കേണമേ.... അവരോടൊപ്പം സ്വര്‍ഗ ലോകത്ത് ഞങ്ങളെ നീ പ്രവേശിപ്പിക്കേണമേ... അവര്‍ കാണിച്ച വഴിയില്‍ ഞങ്ങളെയും ഈ നാടിനെയും നീ വഴി നടത്തേണമേ..... എന്ന്. 

ആ പ്രാര്‍ത്ഥനക്കുളള ഉത്തരമെന്നോണം ഇന്നും നമ്മുടെ നാട് നാരകശ്ശേരി ഉസ്താദ് കാണിച്ചുതന്ന പാതയില്‍, സമസ്തക്കു പിന്നിലായി ഉറച്ചുനിന്നു മുന്നേറുകയാണ്. ഉസ്താദ് പോയെങ്കിലും അവര്‍ ബാക്കിവെച്ചുപോയ തന്റെ ശിഷ്യ ഗണങ്ങളാണ് പിന്നീട് ഈ നാട്ടില്‍ സമസ്തയെ പ്രചരിപ്പിച്ചിരുന്നത്.  കണ്ണിയത്ത് ഉസ്താദിന്റെ പാതയാണ് നിങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കേണ്ടത് എന്ന് ജീവിതത്തിലുടനീളം നാരകശ്ശേരി ഉസ്താദ് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും കാണിച്ചുകൊടുക്കുകയും ചെയ്തതിനാല്‍ അവരും ഈ നാട്ടില്‍ അതേ ആദര്‍ശം തന്നെ പ്രചരിപ്പിച്ചു. ഇന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നാരകശ്ശേരി ഉസ്താദ് തന്നെയാണ് ഇന്നും നമ്മുടെ നാടിനെ വഴികാട്ടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇതെല്ലാം വ്യക്തമാകുന്നത്. 

നാരകശ്ശേരിയുടെ ശിഷ്യന്മാരായ അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയ്യുല്ലാഹി, പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പിന്നീട് നമ്മുടെ നാട്ടില്‍ സമസ്തക്കു നേതൃത്വം നല്‍കിയിരുന്നത്. ഇത് അല്ലാഹുവിന്റെ അല്‍ഭുതകരമായൊരു നിയോഗമാണ്. കണ്ണിയത്ത് ഉസ്താദിന്റെ ചിന്തകളാണ് ഇവരിലൂടെയെല്ലാം നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടത്. നാരകശ്ശേരി ഉസ്താദാണ് അത് പ്രചരിപ്പിക്കാനായി അവരെ ഉപദേശിച്ചിരുന്നതും. 

സമസ്ത വൈസ് പ്രസിഡന്റായിരുന്ന അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട് പല തവണ ഈ നാട്ടില്‍ വരികയും പല പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ അയല്‍ പ്രദേശത്തുകാരന്‍ കൂടിയായ പി.സി. ഉസ്താദ് നമ്മുടെ നാടിന്റെ എല്ലാമെല്ലാമാണ്. നമ്മുടെ മുന്‍ ഖാസികൂടിയായ ഉസ്താദാണ് ഈ നാട്ടില്‍ സമസ്തയെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മറ്റൊരു വ്യക്തിത്വം. 

ഈയിടെ വഫാത്തായ സമസ്ത ട്രഷറര്‍ പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാരും നമ്മുടെ നാടിന്റെ മത ചൈതന്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു. തന്റെ ഗുരുവിന്റെ നാട് എന്നതുകൊണ്ടുതന്നെ നിരന്തരം ഉസ്താദ് ഇവിടെ പരിപാടികളില്‍ സംഗമിക്കാന്‍ വന്നു. നാരകശ്ശേരി ഉസ്താദിനെക്കുറിച്ച് മാത്രമായിരുന്നു ഈ നാട്ടില്‍ ഉസ്താദ് പ്രസംഗിച്ചിരുന്നത്. അവര്‍ കണ്ണിയത്തിന്റെ മുഹിബ്ബായിരുന്നുവെന്നും കണ്ണിയത്തിന്റെ പാതയാണ് അവര്‍ പിന്തുടര്‍ന്നിരുന്നതെന്നും അവര്‍ നമ്മെ ബോധ്യപ്പെടുത്തി. 

അവസാനം, ഇന്നു നമുക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന, സമസ്തയിലെ സൂഫീ സാന്നിദ്ധ്യം വാവാട് കുഞ്ഞിക്കോയ ഉസ്താദ്. നമ്മുടെ ഖാസിയും നമ്മുടെ നാടിന്റെ ആത്മീയ നായകനുമാണ്. നാരകശ്ശേരിയുടെ ശിഷ്യനായ ഉസ്താദാണ് ഇന്നു നമുക്ക് സമസ്തയില്‍ നേതൃത്വം നല്‍കുന്നത്. കണ്ണിയത്ത് ഉസ്താദിന്റെ പാതയായിരുന്നു നാരകശ്ശേരിയുടെ പാതയെന്നും അതാണ് ഇന്നും നമ്മുടെ നാടിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിലൂടെ വ്യക്തമാകുന്നു. ഏതു നിര്‍മിത ചരിത്രങ്ങളുടെ വക്താക്കള്‍ക്കും ഇത് പൊളിച്ചെഴുതാന്‍ സാധിക്കില്ലെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. 

No comments:

Post a Comment