നാടിന്റെ പുരോഗതിയും പരിണാമങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ പ്രവാസിക്കുമുണ്ട് ചില കദനങ്ങളുടെ കഥ പറയാന്‍. നിതാഖാത്തും സ്വദേശിവല്‍കരണവും നാടാകെ ചര്‍ച്ചയാവുകയും അതിന്റെ പരിണതികള്‍ സമൂഹം നുണഞ്ഞുതുടങ്ങുകയും ചെയ്ത സമയം. പ്രതീക്ഷകളുടെ കനലെരിയുന്ന പ്രവാസ ജീവിതം വേദനകളുടെ പുഷ്പങ്ങളായി മാറുന്നത് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. ആയിരം സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും അന്യനാടുകളിലേക്കു വണ്ടി കയറുന്നത്. അതിനു പിന്നിലെ സമ്മര്‍ദ്ധങ്ങള്‍ ഒരുപക്ഷെ, ഒരു കൊച്ചു കൂരയോ ഒരു കുഞ്ഞിന്റെ വിവാഹമോ ഭാസുരമായൊരു ജീവിത സ്വപ്നമോ ആവാം. പക്ഷെ, സ്വപ്നങ്ങള്‍ക്കപ്പുറമായിരിക്കും യാഥാര്‍ത്ഥ്യങ്ങള്‍. കടങ്ങള്‍ക്കു മേല്‍ കടവും പ്രയാസങ്ങള്‍ക്കുമേല്‍ പ്രയാസവും അറിയാതെ വന്നുചേരുന്നു. പ്രവാസം എന്ന പദം തന്നെ പ്രയാസം എന്നതിന്റെ വകഭേദമാണോ എന്നു ചിന്തിച്ചുപോവുന്നു.
വസ്തുത എന്തുതന്നെയായാലും, സമകാലിക കേരളത്തിന്റെ സമൃദ്ധിക്കും സുഭിക്ഷതക്കും പിന്നില്‍ ഒഴുക്കിയ വിയര്‍പ്പും ചെലവഴിച്ച അദ്ധ്വാനങ്ങളും പ്രവാസിയുടെതാണെന്നതില്‍ രണ്ടഭിപ്രായങ്ങള്‍ക്കു വകയില്ല. അത്രമാത്രം കേരളത്തിന്റെ നിര്‍മിതിയില്‍ പ്രവാസി ഇടം നേടിക്കഴിഞ്ഞു. കഷ്ടപ്പെട്ടു പണമയക്കാന്‍ പ്രവാസികളില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നതാണ് ഇന്നത്തെ വിലയിരുത്തലുകള്‍.
കേരളമുസ്‌ലിംകള്‍ക്കിടയില്‍ ഇന്നു കാണുന്ന മതപരമായ എടുത്തുകാണിക്കലുകള്‍ക്കും വിദ്യാഭ്യാസ പരമായ ഉണര്‍വിനും സുപ്രധാന കാരണം ഗള്‍ഫ് പണം തന്നെയാണെന്നത് വസ്തുതയാണ്. തന്റെ സ്വപ്നങ്ങള്‍ നെയ്യാന്‍ പെടാപാട് നടത്തുമ്പോഴും തന്റെ അദ്ധ്വാനത്തിന്റെ ഒരു വിഹിതം സ്വന്തം നാടിന്റെയോ നാട്ടുകാരുടെയോ നന്മക്കും പുരോഗതിക്കുംവേണ്ടി നീക്കിവെക്കുന്നുവെന്നതാണ് പ്രവാസി ചെയ്യുന്ന ഏറ്റവും വലിയൊരു ധര്‍മം. കഷ്ടപ്പാടിന്റെ തീച്ചൂളയില്‍ തന്റെ ആഗ്രഹങ്ങളെ മൂര്‍ച്ച കൂട്ടുമ്പോള്‍ തന്റെ വിശ്വാസം കൂടി മൂര്‍ച്ചയുള്ളതായി മാറുന്നുവെന്നുവേണം മനസ്സിലാക്കാന്‍. സാമ്പത്തിക വ്യയത്തില്‍ അത്രമാത്രം ഉദാരത കാണിക്കാന്‍ ഒരു ഗള്‍ഫുകാരനു സാധിക്കുന്നു. പ്രതാപത്തിന്റെ ചിഹ്നങ്ങളായി ഇന്നു കേരള മണ്ണില്‍ കാണുന്ന വിദ്യാഭ്യാസ സമുച്ചയങ്ങളും ആദുര സേവന സംരംഭങ്ങളും പള്ളികളും പാര്‍ട്ടി ഓഫീസുകളുമെല്ലാം ഈ വിശാല മനസ്‌കതയുടെ ഭാഗമായി ഉദയംകൊണ്ടതാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇനി, നമ്മുടെ നാടിന്റെ മാത്രം കാര്യമെടുക്കുക. 1990 കള്‍ക്കു മുമ്പുള്ള പുള്ളനൂരല്ല ഇന്നത്തെ പുള്ളനൂര്‍. തെങ്ങുകളെയും കൃഷിയെയും മാത്രം അവലംബിച്ചു ജീവിച്ചിരുന്ന അവരെ സംബന്ധിച്ചിടത്തോളം അത്രമതിയായിരുന്നു. പക്ഷെ, ഇന്നു കഥ മാറി. ചെറ്റക്കുടിലുകളില്‍നിന്നു വരെ ആളുകള്‍ ഗള്‍ഫില്‍ പോകാന്‍ തുടങ്ങിയതോടെ വീടും പരിസരവും പരിവര്‍ത്തന വിധേയമായി. അതോടെ പള്ളികളും മദ്‌റസകളും സ്വാഭാവികമായും മാറ്റം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഓടു മേഞ്ഞ് തകര്‍ന്നു വീഴാറായ പള്ളിയും മദ്‌റയും മിനാരംകൊണ്ട് അലങ്കരിച്ച ചാരുതയാര്‍ന്ന കെട്ടിടങ്ങളായി മാറുന്നത് അങ്ങനെയാണ്. മണലാരണ്യത്തിലെ അദ്ധ്വാനങ്ങളും വിയര്‍പ്പുതുള്ളികളുമാണ് മലയാള നാട്ടിലെ ആസ്വാദനങ്ങള്‍ക്കും ആശ്വാസങ്ങള്‍ക്കും വഴിയൊരുക്കുന്നതെന്നു ചുരുക്കം.
ഗള്‍ഫു നാടുകളില്‍ കാലങ്ങളോളം അദ്ധ്വാനിച്ച, അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന വലിയൊരു തലമുറയുടെ കര്‍മഫലമാണ് നമ്മുടെ നാടിന്റെ ഇന്നത്തെ സുഭിക്ഷത. സുമനസ്സുകളായ പ്രവാസികളൈ ഇവിടെ അംഗീകരിച്ചേ തീരൂ. ഗള്‍ഫ് നാടുകളില്‍ ആടുജീവിതം നയിച്ച് നാടിനെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്ന അവരെ മാനിച്ചേ മതിയാവൂ. ശംസുല്‍ ഹുദാ സെക്കണ്ടറി മദ്‌റസയുടെയും കുഴിമണ്ണില്‍ പള്ളിയുടെയും വര്‍ത്തമാന വളര്‍ച്ചാ ഗഘട്ടങ്ങളില്‍നിന്നും പ്രവാസിയുടെ അദ്ധ്വാനത്തിന്റെ ഉപ്പുരസം നാം തിരിച്ചറിയുകയാണ്. നാഥന്‍ അവക്കെല്ലാം അര്‍ഹമായ പ്രതിഫലം നല്‍കുമാറാകാട്ടെ.
.jpg)
No comments:
Post a Comment